ഗോവിന്ദാപുരം: അതിർത്തി ഗ്രാമങ്ങളിൽ കോഴിയങ്കം പൊടിപൊടിക്കുന്നത് പൊലീസിന് തലവേദനയാകുന്നു. മുതലമട, വടകരപതി, എരുത്തേമ്പതി, പെരുമാട്ടി എന്നീ പഞ്ചായത്തുകളിലാണ് കോഴിയങ്കം സജീവമായത്. അങ്കം വർധിച്ചതോടെ അങ്കക്കോഴികൾക്കും ആവശ്യക്കാരേറി. 4500 രൂപ മുതൽ 9500 വരെയാണ് അങ്കക്കോഴികൾക്ക് വില. രണ്ടിലധികം അങ്കത്തിൽ ജയിച്ച കോഴിയാണെങ്കിൽ മോഹവില നൽകി വാങ്ങുന്നവർ ഉണ്ട്. വലിയ വിലകൊടുത്ത് വാങ്ങിയ അങ്കക്കോഴികളെയാണ് മുൻനിരയിലുള്ള ക്ലബുകളും ടീമുകളും ഉപയോഗിക്കുന്നത്. തമിഴ്നാട് പൊലീസ് കാര്യമായ നിയമ നടപടികളൊന്നും കോഴിയങ്കം നടത്തുന്നവർക്കെതിരെ സ്വീകരിക്കാറില്ല. 200ൽ അധികം വരുന്ന സംഘങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ രഹസ്യ കേന്ദ്രങ്ങളിൽ കോഴിയങ്കം നടത്തിയത്. 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയും ചില കോഴി അങ്കങ്ങൾ നീണ്ടുപോകും. പന്തയക്കോഴി പരിശീലന കേന്ദ്രങ്ങൾ വരെ പഴനിക്കു സമീപം പ്രവർത്തിക്കുന്നുണ്ട്.
വിജയിച്ച കോഴിയുടെ ഉടമക്ക് പന്തയത്തിൽ തോറ്റ കോഴിയെയും പന്തയത്തിന് കെട്ടി വച്ച പണവും നൽകണമെന്നാണ് വിധി. ഇതിനു പുറമേ കോഴിയങ്കത്തിന് പന്തയം വെച്ച് പൈസ കൊയ്യുന്നവരും ഇവർക്കിടയിൽ ഉണ്ട്. പണവും ആഭരണവും കോഴിയും പശുവുമെല്ലാം അങ്കം ജയിക്കുന്ന കോഴിയുടെ പേരിൽ പന്തയം വെക്കാറുണ്ട്. ഇത്തരത്തിൽ പന്തയംവെച്ചുള്ള മത്സരമാണ് പലപ്പോഴും അക്രമണങ്ങൾക്കും പൊലീസ് കേസുകൾക്കും വഴിവെക്കുന്നത്.
ആനമല, ആളിയാർ, ഉടുമല, വേട്ടക്കാരൻ പുതൂർ, അബ്രാം പാളയം തുടങ്ങിയ പ്രദേശങ്ങളിൽ കോഴിയങ്കം ആക്രമണങ്ങൾ ഒന്നുമില്ലാതെ നടത്തുന്നവരും ഉണ്ട്. പൊങ്കൽ കഴിഞ്ഞ് രണ്ടാഴ്ചവരെ കോഴിയങ്കം നീണ്ടുനിൽക്കുമെന്നാണ് ഇത് നടത്തുന്നവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.