പത്തിരിപ്പാല: പരീക്ഷ ഹാളിൽനിന്നും പുറത്തിറങ്ങിയ ഉടൻ സുഫൈദ തസ്നിയുടെ കണ്ണുകൾ തിരഞ്ഞത് ഭർത്താവ് ഇബ്രാഹിം ബാദുഷയെ ആയിരുന്നു. നേരിൽകണ്ടതും ആദ്യ ചോദ്യമെറിഞ്ഞു. ഇക്കാ....പരീക്ഷ എങ്ങനെയുണ്ടായിരുന്നു?. കുറച്ച് കടുപ്പമായിരുന്നെങ്കിലും ജയിക്കുമെന്ന് ബാദുഷയുടെ മറുപടി. നിനക്കോ എന്ന മറുചോദ്യത്തിന് കുഴപ്പമില്ല ജയിക്കുമെന്ന് മറുപടിയായതോടെ ഇരുവരുടെയും മുഖത്ത് ചിരിപടർന്നു. തുടർന്ന് രണ്ടുപേരും ഇംഗ്ലീഷ് ചോദ്യപേപ്പർ വിശലകനം ചെയ്ത് വീട്ടിലേക്ക് പോയി. ഇംഗ്ലീഷ് അൽപം കടുപ്പം കൂടിയെങ്കിലും നിരാശരാകാതെ അടുത്ത പരീക്ഷക്ക് നന്നായി തയാറെടുക്കാനായി.
പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് വൺ തുല്യത പരീക്ഷയെഴുതാനാണ് ദമ്പതിമാരായ ഇരുവരും എത്തിയത്. വ്യാപാരിയായ മണ്ണൂർ കിഴക്കുംപുറം പരാടിത്തൊടി വീട്ടിൽ ഇബ്രാഹിം ബാദുഷയും (39) ഭാര്യ ലക്കിടി യാറത്തിങ്കൽ സുഫൈദ തസ്നിയുമാണ് (28) തുല്യത പരീക്ഷ എഴുതിയത്. 2015ൽ തുല്യത പരീക്ഷയിലൂടെയാണ് ബാദുഷ എസ്.എസ്.എൽ.സി പരീക്ഷ പാസായത്. 10 വർഷത്തിന് ശേഷമാണ് ഇബ്രാഹിം ബാദുഷ ഭാര്യയോടൊപ്പം പ്ലസ് വൺ പരീക്ഷ എഴുതിയത്.
രണ്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളുടെ ഗൃഹപാഠത്തിന് സഹായിക്കാൻ ഉന്നത വിദ്യാഭ്യാസം വേണമെന്ന തിരിച്ചറിവും പ്രചോദനവുമാണ് പരീക്ഷ എഴുതാൻ പ്രേരകമായത്. പ്ലസ് ടു പാസായി ബിരുദം എടുക്കണമെന്നാണ് ആഗ്രഹമെന്ന് ബാദുഷ പറഞ്ഞു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞതിനാൽ പൂർത്തിയാക്കാൻ കഴിയാതെ പോയ പ്ലസ് ടു പാസായി ബിരുദം എടുക്കലാണ് ലക്ഷ്യമെന്ന് ഭാര്യ തസ്നിയും പറഞ്ഞു. 67ലും പഠിക്കാൻ പ്രായത്തിന് തടസ്സമില്ലെന്ന് കാണിച്ച് മങ്കര പൂലോടിയിലെ വിമുക്തഭടൻ കൃഷ്ണൻകുട്ടിയും പ്ലസ് വൺ തുല്യത പരീക്ഷക്കെത്തിയിരുന്നു. മുണ്ടൂർ സെന്ററിലെ 59 പേരാണ് പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച തുല്യത പരീക്ഷയെഴുതിയത്. പരീക്ഷ 28ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.