കൊല്ലങ്കോട്: പട്ടികവർഗ വിദ്യാർഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പരാതിയിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറെ സ്ഥലം മാറ്റി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ അജീഷ് ഭാസ്കറിനെയാണ് കൊല്ലങ്കോട്ട് നിന്ന് അട്ടപ്പാടിയിലേക്ക് മാറ്റിയത്. ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ. അജേഷിന് പകരം ചുമതല നൽകി.
കഴിഞ്ഞ നവംബറിലാണ് യാക്കര പുഴ പാലത്തിനടുത്ത് 13 അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. അവയിൽ 11 എണ്ണം വിദ്യാഭ്യാസ സഹായത്തിന് അർഹരായവരുടെ അപേക്ഷകളായിരുന്നു. സംഭവം വിവാദമായതോടെ ഇവർക്ക് പിന്നീട് ധനസഹായം ലഭ്യമാക്കി. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ അറിയിച്ചിരുന്നു.
അപേക്ഷ സ്വീകരിച്ച് തുടർ നടപടി സ്വീകരിക്കാതെ ഉപേക്ഷിച്ച കമ്മിറ്റഡ് സോഷ്യൽവർക്കറെ ചുമതലയിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി അറിയിച്ചിരുന്നു. പറമ്പിക്കുളത്തെ കരിയാർകുട്ടി, കടവ്, പറമ്പിക്കുളത്തെ എർത്ത് ഡാം ഊരുകളിലെയും വണ്ടാഴി പഞ്ചായത്തിലെ ചെമ്മണാംപതി, മംഗലം ഡാം എന്നിവിടങ്ങളിലെയും ആദിവാസി വിദ്യാർഥികളുടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകളാണ് യാക്കര പുഴക്കടുത്ത് തള്ളിയത്. സ്ഥലത്ത് അറ്റകുറ്റപ്പണിക്കായി പോയ കെ.എസ്.ഇ.ബി ജീവനക്കാരാണ് അപേക്ഷകൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് ജില്ല കലക്ടർക്ക് കൈമാറി. രേഖകൾ ജില്ല ആദിവാസി ക്ഷേമ ഓഫിസർക്ക് നടപടികൾക്കായി അയച്ചു.
പട്ടികവർഗ പ്രൊമോട്ടർമാർ വഴി രക്ഷിതാക്കൾ സമർപ്പിച്ച അപേക്ഷകൾ കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലെത്തിയെങ്കിലും ഉത്തരവാദിയായ ഉദ്യോഗസ്ഥൻ അവ പരിഹ രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.