പാലക്കാട്ടെ ഷോപ്പിൽ പഠനസമഗ്രികൾ വാങ്ങാനെത്തിയവർ
പാലക്കാട്: മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്കൂൾ വിപണി സജീവമായി. കുട്ടികൾക്കുള്ള ബാഗ്, കുട, നോട്ടുബുക്ക്, പേന, പെൻസിൽ തുടങ്ങി എല്ലാവിധ സ്കൂൾ സാമഗ്രികളും വിപണിയിൽ എത്തിക്കഴിഞ്ഞു. എൽ.പി വിദ്യാർഥികളെ ആകർഷിക്കുന്ന വർണനിറമുള്ള കുടകളും നെയിംസ്ലിപ്പുകളും ലഞ്ച് ബോക്സുകളും വെള്ളക്കുപ്പികളുമെല്ലാം വിൽപനക്ക് തയാറായിട്ടുണ്ട്. രക്ഷിതാക്കളും കുട്ടികളും സാമഗ്രികൾ വാങ്ങാനുള്ള തിരക്കിലായി കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിപണിയിൽ കാര്യമായ വിലവർധനയില്ല. പ്രമുഖ കമ്പനികളുടെ നോട്ടുബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, ബാഗ്, കുട, പേന, പെൻസിൽ, ഷാർപ്നർ എന്നിവ വിപണിയിൽ ലഭ്യമാണ്. വിലക്കുറവ് നോക്കി ബ്രാൻഡഡ് അല്ലാത്ത ഉൽപന്നങ്ങൾ വാങ്ങുന്നവരും ഏറെയാണ്. വിവിധ കമ്പനികളുടെ ബാഗുകൾക്ക് 300 മുതൽ 1000 രൂപ വരെ വിലയുണ്ട്. ഇൻസ്ട്രുമെന്റ് ബോക്സുകൾക്ക് 60 രൂപ മുതൽ 300 രൂപ വരെയും വാട്ടർ ബോട്ടിലുകൾക്ക് 30 മുതൽ 200 രൂപ വരെയുമുണ്ട്. പേജുകളുടെ എണ്ണമനുസരിച്ച് നോട്ടുബുക്കുകൾക്ക് 20 രൂപ മുതൽ 80 രൂപ വരെയാണ് വില. പുസ്തകങ്ങൾ പൊതിയുന്ന ബ്രൗൺഷീറ്റ് ഒരു റോളിന് 30 രൂപ മുതലും വാട്ടർപ്രൂഫ് ബ്രൗൺഷീറ്റിന് 80 രൂപയോളവും വിലയുണ്ട്. ലഞ്ച്ബോക്സ്, സ്നാക്ക് ബോക്സ് എന്നിവക്ക് 60 രൂപ മുതൽ മുകളിലോട്ടാണ് വില.
കുട്ടികൾക്കും മുതിർന്നവർക്കും പല വർണത്തിലും രൂപത്തിലും മോഡലുകളിലുമുള്ള കുടകൾക്ക് 200 രൂപ മുതൽ 600 രൂപയോളം വിലയുണ്ട്. കുട്ടികളെ ആകർഷിക്കുന്നതിനായി വർണചിത്രങ്ങളുള്ള കുടകളും കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള വെള്ളക്കുപ്പികൾ, ലഞ്ച്ബോക്സുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. തുണിക്കടകളിൽ വിദ്യാർഥികൾക്കായുള്ള യൂനിഫോം വാങ്ങാനെത്തുന്നവരുമേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.