വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ ജില്ല ഒരുങ്ങി

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നിവിടങ്ങളിലായാണ് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ 7.30ന് സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളുമാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയായതിന് ശേഷമേ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുള്ളുവെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്‍.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിലവില്‍ ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നീ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ 24 മണിക്കൂര്‍ സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് അകത്തേക്കുള്ള മൊബൈല്‍ ഫോണ്‍ പ്രവേശനം റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനായി പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും. എല്ലാ ടേബിളുകളും കാണത്തക്ക രീതിയിലാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മീഡിയ സെന്റര്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. ഓരോ നിയോജക മണ്ഡലങ്ങളിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തെരഞ്ഞെടുക്കുക.

പോസ്റ്റല്‍ ബാലറ്റിന് 61 ടേബിളുകള്‍, ഇ.വി.എമ്മിന് 203

പാലക്കാട്: പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 61 ടേബിളുകളും ഇ.വി.എം വോട്ടെണ്ണലിന് 203 ടേബിളുകളുമാണ് ഉണ്ടാവുക. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതവും കോങ്ങാട്, മലമ്പുഴ ഏഴ് വീതവും, ഒറ്റപ്പാലം അഞ്ച്, പാലക്കാട് 10, ചിറ്റൂര്‍ ഒമ്പത് എന്നിങ്ങനെയുമാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകള്‍ എണ്ണുന്നതിന് 13 ടേബിളുകളാണ് സജ്ജീകരിക്കുക. സൈനിക-അർധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലൂടെ എണ്ണുന്നത്. ഇതിനായി പാലക്കാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഓരോ ടേബിളുകളും പാലക്കാട് മണ്ഡലത്തില്‍ രണ്ട് ടേബിളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

Tags:    
News Summary - The district is ready for vote counting at three centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.