പാലക്കാട് ആൾക്കൂട്ടക്കൊല; ഏഴുപ്രതികളും റിമാൻഡിൽ, മരിച്ചയാളെ തിരിച്ചറിയാൻ തമിഴ്നാട്ടിൽ പരസ്യം നൽകി
പാലക്കാട്: മാനസിക പ്രശ്നനമുള്ളയാളെ കല്ലെറിഞ്ഞ് ഓടിച്ച ശേഷം മർദിച്ചുകൊന്ന സംഭവത്തിൽ അറസ്റ്റിലായ ഏഴുപേരെയും റിമാൻഡ് ചെയ്തു. കാർത്തിക്, സഞ്ജയ്, മണികണ്ഠൻ, കതിരേശൻ, നവീൻ, പ്രശാന്ത് കുമാർ, സൂര്യപ്രകാശ് എന്നിവരാണ് റിമാൻഡിലായത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാൻ തമിഴ്നാട്ടിലുടനീളം പരസ്യം നൽകിയിട്ടുണ്ട്.
വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിന് സമീപമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മർദനമേറ്റ് അവശനായ ഇദ്ദേഹം വെള്ളം ചോദിച്ചപ്പോൾ പ്രതികൾ മദ്യം നൽകിയശേഷം മരക്കൊമ്പുകളും തെങ്ങോലത്തണ്ടുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അട്ടപ്പാടിയിലെ മധുവിന്റെ ആൾക്കൂട്ടക്കൊല കേരളത്തിന്റെ മനഃസാക്ഷിയെ ഏറെ മുറിവേൽപ്പിച്ച സംഭവമായിരുന്നു. മധുവിന്റെ കൊലപാതകക്കേസിൽ അടുത്തിടെയാണ് ഹൈകോടതി വിധി വന്നത്. ഇതിനുപിന്നാലെയാണ് പാലക്കാട് നിന്ന് സമാനമായ മറ്റൊരു ആൾക്കൂട്ട കൊലപാതക വാർത്ത കൂടി പുറത്തുവരുന്നത്.
ഒക്ടോബർ 10ന് രാത്രി പത്തോടെയാണ് സംഭവം. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇയാളെ പ്രദേശത്തു നിന്നും സംഘം ഓടിച്ചുവിട്ടിരുന്നു. പിന്നീട് മദ്യപിക്കാനായി ഒത്തുകൂടിയ പ്രതികൾ വീണ്ടും ഇയാളെ തേടിയിറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. റോഡിൽവെച്ച് ഇയാളെ പിടികൂടി ഓലമെടലും മരക്കൊമ്പുകളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് നിലത്തുവീണ ഇയാൾ വെള്ളം ചോദിച്ചപ്പോൾ പ്രതികൾ മദ്യം നൽകിയെന്നും തുടർന്ന് മർദനം തുടരുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരാഴ്ചയോളം പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് എട്ടരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശരീരത്തിൽ അൻപതിലേറെ മുറിവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.