കൊല്ലങ്കോട്: ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന ദമ്പതികൾ പിടിയിൽ. കൊഴിഞ്ഞാമ്പാറ കോഴിപ്പാറ സൊരപ്പാറ സ്വദേശികളായ രാജൻ (65) ഭാര്യ അന്നമ്മ (50) എന്നിവരാണ് കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്. കവർച്ച വർധിച്ചിട്ടും പ്രതികൾ പിടിയിലാകാത്തത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിൽ താമസിക്കുന്ന ആർ. കാളിയുടെ (78) മാല തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 14ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.
കല്ലൻ പറമ്പിലെ കൃഷിയിടത്തിൽനിന്ന് ജോലി കഴിഞ്ഞ് പടിഞ്ഞാറെ ഗ്രാമത്തിലേക്ക് വരുമ്പോൾ താമര മുകളിൽ വെച്ച് മലമ്പുഴ കനാൽ റോഡിലൂടെ ബൈക്കിൽ വന്ന കവർച്ചക്കാർ കാളിയോട് ജ്യോൽസ്യന്റെ വീടെവിടെയാണെന്ന് ചോദിച്ചു. പഴയകാവ് ഭാഗത്തേക്ക് പോകാൻ പറഞ്ഞതിനെ തുടർന്ന് ബൈക്ക് യാത്രികർ ബൈക്ക് തിരിച്ച് പൂളപറമ്പ് ഭാഗത്തേക്ക് പോയി. അൽപസമയത്തിനകം കാളിയുടെയടുത്ത് തിരിച്ചെത്തി ജ്യോൽസ്യന്റെ വീട് കണ്ടെത്താനായില്ലെന്ന് പറഞ്ഞശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
കൊല്ലങ്കോട് പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിയാണ് പ്രതികൾ വലയിലായത്. പരാതിക്കാരി ഉൾപ്പെടെ നിരവധി പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും കൃത്യത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ നിറവും മോഡലും ഉൾപ്പെടെ കാര്യങ്ങൾ പരിശോധിച്ചുമാണ് പ്രതികളിൽ എത്തിചേർന്നത്.
വിവിധ കവർച്ച കേസുകളിൽ പ്രതികളാണ് ഇവർ. അന്വേഷണ സംഘത്തിൽ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ വിപിൻദാസ്, പറമ്പിക്കുളം പൊലീസ് ഇൻസ്പെക്ടർ ആദം ഖാൻ, കൊല്ലങ്കോട് പൊലീസ് സബ് ഇൻസ്പെക്ടർ മധു, ചിറ്റൂർ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ നസീറലി, ജിജോ, കൊല്ലങ്കോട് ജെബിൻ ഷാ, ഗുരുവായൂരപ്പൻ, രമേശ്, ജിജേഷ്, ജിഷ, സുഭാഷ്, പറമ്പിക്കുളം സുഭാഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.