മാമ്പ്രയിൽ ക്വാറി പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
പിരായിരി: ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ കരിങ്കൽ ക്വാറിയിൽ വീണ്ടും പാറ പൊട്ടിക്കാൻ ശ്രമം. പിരായിരി പഞ്ചായത്തിലെ മാമ്പ്ര കരിങ്കൽ ക്വാറിയിൽ പാറ പൊട്ടിക്കാൻ ഹൈകോടതി ഉത്തരവുമായി വ്യാഴാഴ്ച രാവിലെ ഉടമയും തൊഴിലാളികളും എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കോടതി ഉത്തരവുണ്ടെന്നും പ്രവർത്തനം തടയാനാവില്ലെന്നുമുള്ള വാദവുമായി പാലക്കാട് നോർത്ത് പൊലീസും സ്ഥലത്തെത്തി. ക്വാറി തുടങ്ങാനുള്ള നീക്കം തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ മറവിലാണെന്നും പൊതുവഴിയിൽ നിന്ന് ചുരുങ്ങിയത് 50 മീറ്റർ ദൂരം വേണമെന്നിരിക്കെ ക്വാറിയിലേക്ക് 20 മീറ്റർ ദൂരമേയുള്ളൂവെന്നും നാട്ടുകാർ പറയുന്നു.ക്വാറിയുടെ സമീപത്ത് മൂന്ന് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ജലനിധിയുടെ ടാങ്കുണ്ട്. ഖനനത്തോടെ ടാങ്കിന് കേടുപാട് വരാൻ സാധ്യതയുണ്ടെന്നും ജലക്ഷാമം നേരിടുന്ന പ്രദേശത്ത് വീണ്ടും ക്വാറി തുടങ്ങിയാൽ ജലക്ഷാമം അതിരൂക്ഷമാകുമെന്നും അവർ പറഞ്ഞു.
ക്വാറിക്കെതിരെ നാട്ടുകാർ പൗരസമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്ത്രീകളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പിരായിരി പഞ്ചായത്ത് പ്രസിഡൻറ് എം. ഇസ്മയിലും പിന്തുണയുമായെത്തി. ഭരണസമിതിയറിയാതെ ഉദ്യാഗസ്ഥർ നടത്തിയ ഇടപെടലാണ് അനുകൂല ഉത്തരവിന് കാരണമായതെന്നും ഇതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.