പെരുവെമ്പ് മൂച്ചിക്കലിൽ സുന്ദരന്‍റെ വീട് തകർന്ന നിലയിൽ
പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 31 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 24 മണിക്കൂറില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ചിറ്റൂര്‍ താലൂക്കിലെ മുതലമട, തെക്കേദേശം, മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം 3, കരിമ്പ 1, പട്ടാമ്പി താലൂക്കിലെ ഓങ്ങലൂര്‍ 1, വല്ലപ്പുഴ 1, വിളയൂർ, ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ആലത്തൂര്‍ താലൂക്കിലെ വടക്കഞ്ചേരി 2, ആലത്തൂര്‍, പാലക്കാട് താലൂക്കിലെ കൊടുമ്പ്, മങ്കര വില്ലേജുകളിലാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.
ആലത്തൂര്‍ താലൂക്കിലെ എരിമയൂര്‍ 1 വില്ലേജിലെ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. സുരക്ഷ മുന്നില്‍ക്കണ്ട് 16 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നിലവില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച മംഗലം ഡാമിൽ നിലവിലെ ജലനിരപ്പ് 76.81 മീറ്ററാണ്. ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് 96.16 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.
പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സൻ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.