പാലക്കാട്: സ്കൂളുകളിൽ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണമെന്ന് ഇന്റര്‍ സെക്ടറല്‍ യോഗം. ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കുന്നതിനുമാണ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രോഗവിവര രജിസ്റ്റര്‍ സൂക്ഷിക്കേണ്ടത്. ദേശീയ വിരവിമുക്തദിനം, ഏകാരോഗ്യം, പകര്‍ച്ചവ്യാധി അവലോകനം എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കായി ഡെപ്യൂട്ടി കലക്ടര്‍ എസ്.എസ്. അല്ഫയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് വീടുകളിലുള്ള മുതിര്‍ന്നവര്‍, മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പകര്‍ച്ചവ്യാധി പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ അസുഖബാധിതരായ കുട്ടികളെ കൃത്യമായി കണ്ടെത്തി വിവരങ്ങള്‍ രോഗവിവര രജിസ്റ്ററില്‍ രേഖപ്പെടുത്തണം. രോഗം പടരാതിരിക്കാനും കൃത്യമായി നിരീക്ഷിക്കാനും സ്കൂളുകളില്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസറെ നിയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിനെതിരെയും പ്രതിരോധം ശക്തമാക്കണം. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെങ്കിപ്പനിയായതിനാല്‍ കൊതുകുകളുടെ വളര്‍ച്ച തടയുന്നതിന് നടപടി സ്വീകരിക്കണം.
കുടിവെള്ളം മൂടിവെച്ച് സൂക്ഷിക്കണം, ഇന്‍ഡോര്‍ പ്ലാന്റുകളിലും ചെടിച്ചട്ടികളിലും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം, മലയോര മേഖലകളില്‍ റബർ പാല് സൂക്ഷിക്കുന്ന ചിരട്ടകള്‍, കവുങ്ങിന് തോട്ടങ്ങളിലെ പാളകള്‍ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. കുടിവെള്ളം പമ്പ് ചെയ്യുന്നതിലുള്ള ഇടവേള കൊതുക് വളരുന്നതിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ല സര്‍വൈലന്‍സ് ഓഫിസറെ ചുമതലപ്പെടുത്തി. ആവശ്യക്കാർക്ക് എലിപ്പനി പ്രതിരോധമരുന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും യോഗം നിർദേശിച്ചു.
ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് 19 വയസ്സ് വരെയുള്ളവർക്ക് വിര ഗുളികകള്‍ നല്‍കണം. സ്കൂളുകളില്‍നിന്ന് അംഗൻവാടികള്‍ വഴിയും ഗുളികകള്‍ വിതരണം ചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ഗീതു മരിയ ജോസഫ്, ഡി.എം.ഒമാരായ ഡോ. കെ. ബിന്ദുതോമസ് (ആരോഗ്യം), ഡോ. പി.സി. കവിത (ഹോമിയോ), ആഗ്നസ് ക്ലീറ്റസ് (ആയുര്‍വേദം), ആര്.സി.എച്ച് ഓഫിസര്‍ ഡോ. അനിത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.