പൈപ്പ് ലൈൻ സ്ഥാപിക്കൽ: മണ്ണൂരിൽ ദുരിതംപേറി യാത്രക്കാർ
പത്തിരിപ്പാല: പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡുകൾ കീറി ചാലെടുത്തതോടെ ദുരിതംപേറി മണ്ണൂരിലെ ജനങ്ങൾ. ജൽ ജീവൻ മിഷന്റെ പുതിയ കുടിവെള്ളപദ്ധതിക്ക് വേണ്ടിയാണ് റോഡുകൾ വെട്ടിപ്പൊളിച്ച് ചാലെടുക്കുന്നത്. മാസങ്ങളായി ചാൽ കീറൽ തുടരുകയാണ്. പൊളിച്ച റോഡുകൾ ശരിയാംവിധം മുടാറുമില്ല. കോൺക്രീറ്റ് റോഡുകൾ കീറി കുണ്ടുംകുഴിയും നിറഞ്ഞതോടെ മുഴുവൻ റോഡുകളിലെ യാത്ര ദുരിതമായി.
ഒരുവർഷം മുമ്പ് നിർമാണം പൂർത്തികരിച്ച മണ്ണൂർ അമ്പലപാറ പൊതുമരാമത്ത് റോഡുവരെ ചാൽ കീറിയതോടെ റോഡിന്റെ മുക്കും മൂലയും അരികും തകർന്ന് കിടപ്പാണ്. ദിവസങ്ങളായി പെയ്ത മഴയിൽ റോഡിൽ ചളികെട്ടി യാത്രക്കാർ ദിവസങ്ങളായി വലയുകയാണ്. കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡ് കീറുന്നതിനാൽ ജനങ്ങളിൽനിന്നും കാര്യമായ എതിർപ്പുകളെന്നും തന്നെ ഇല്ലാത്തതാണ് ഏറെ ആശ്വസം. ലക്ഷങ്ങൾ ചിലവ് ചെയ്ത് നവീകരിച്ച മിക്ക റോഡുകളും പൂർണമായും ഭാഗികമായും നശിച്ച അവസ്ഥയിലാണ്. എന്നാൽ വർഷങ്ങളായിട്ടും കീറലുകളും പ്രവർത്തികളും നീണ്ടുപോകുകയാണ്. പഞ്ചായത്തിന്റ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതിയെങ്കിലും പഞ്ചായത്തിലെ മുഴുവൻ റോഡുകളും ചാൽ കീറിയതോടെ തകർന്ന് കാൽനടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയിലാണ്. പദ്ധതിയുടെ പ്രവർത്തികൾ നിർത്തിയാലെ പുതിയ ഫണ്ട് വെച്ച് റോഡുകൾ നവീകരിക്കാൻ കഴിയു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.