സൈലന്റ് വാലിയിൽ വേനലിനെ നേരിടാന്‍ നടപടികള്‍ വിപുലമാക്കി വനംവകുപ്പ്

മണ്ണാർക്കാട്: സൈലന്റ്വാലിയിൽ വേനലിനെയും കാട്ടുതീയിനെയും നേരിടാനും വന്യജീവികൾക്ക് സുരക്ഷയൊരുക്കാനും വനംവകുപ്പ് നടപടികൾ ഊർജിതമാക്കി. ജൈവ വൈവിധ്യങ്ങളുടെ കലവറയായ സൈരന്ധ്രീ വനത്തിന് സുരക്ഷയൊരുക്കാനാണ് വനംവകുപ്പ് ഫയര്‍മാനേജ്‌മെന്റ് കമ്മിറ്റികളുൾപ്പെടെ പ്രവര്‍ത്തനക്ഷമമാക്കിയും വനത്തിനകത്ത് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിച്ചും സംരക്ഷണ നടപടികൾ ഒരുക്കുന്നത്.

കാട്ടില്‍ തീ പടര്‍ന്നാല്‍ വന്യജീവികള്‍ക്കും പക്ഷികള്‍ക്കും കൂടാതെ അത്യപൂര്‍വമായ സസ്യജാലങ്ങള്‍ക്കുമെല്ലാം ഭീഷണിയാകുമെന്ന കണക്കുകൂട്ടലില്‍ ഇത്തവണയും ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. ആദിവാസികളുടേയും നാട്ടുകാരുടെയും പങ്കാളിത്തമുള്ള ഏഴ് ഫയര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് റേഞ്ചിലും ആറെണ്ണം ഭവാനി റേഞ്ചിലും പ്രവര്‍ത്തിക്കുന്നുണ്ട്. ജനുവരി 15ഓടെ ഫയര്‍ ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

സൈരന്ധ്രി, വാളക്കാട്, പൂച്ചിപ്പാറ, നീലിക്കല്ല്, ഭവാനി ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന ആനവായ്, തുടുക്കി മേഖലകളിലാണ് ഫയര്‍ലൈന്‍ സ്ഥാപിച്ചത്. തീ നിരീക്ഷിക്കുന്നതിനായി പ്രത്യേകം കേന്ദ്രങ്ങളുമുണ്ട്. ആകെയുള്ള ആറ് തീ നിരീക്ഷണ സങ്കേതങ്ങളില്‍ നാലെണ്ണം താൽക്കാലികമായി കെട്ടിയുണ്ടാക്കിയതാണ്. അരക്കുംപാറ, കരടിയോട്, അമ്പലപ്പാറ, കല്‍ക്കുണ്ട് എന്നിവടങ്ങളിലാണ് തീ നിരീക്ഷണ സങ്കേതങ്ങള്‍ ഉള്ളത്. അഗ്നിബാധയുണ്ടായാല്‍ അണയ്ക്കാന്‍ ഉപകരണവും തയാറാക്കിയിട്ടുണ്ട്. കനത്ത വേനലിനെ നേരിടാനും വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പുവരുത്താനുമായി സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക് റേഞ്ചില്‍ പതിനാറും ഭവാനി റേഞ്ചില്‍ ആറും ബ്രഷ് വുഡ് തടയണകളാണ് നിര്‍മിച്ചത്.

കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ ഇത്തവണയും സജീവമായിരുന്നു. വനം ജീവനക്കാര്‍ക്ക് ഉൾപ്പെടെ 11 ക്ലാസുകളാണ് സംഘടിപ്പിച്ചത്. നൂറ് ഫയര്‍ വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഫയര്‍ലൈന്‍ ഉള്ള മേഖലകളില്‍ എല്ലാ ദിവസവുമെത്തി ചപ്പുചവറുകള്‍ മാറ്റുകയും വലയം സംരക്ഷിക്കുകയും ചെയ്യുന്നത് വാച്ചര്‍മാരാണ്. ഏപ്രില്‍ അവസാനം വരെയാണ് വാച്ചര്‍മാരുടെ ചുമതല. കൂടാതെ വനത്തിനകത്ത് കടക്കുന്ന നായാട്ടുസംഘമുള്‍പ്പടെയുള്ളവരെ നിയന്ത്രിക്കാന്‍ നൈറ്റ് പട്രോളിങ് ശക്തമാക്കിയതായും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Forest Department expands measures to tackle summer in Silent Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.