ആലത്തൂർ: പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി അനിശ്ചിതമായി നീളുന്നു. പോത്തുണ്ടി ഡാമിൽനിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് കേരള ജല അതോറിറ്റി നടപ്പാക്കുന്ന ജൽ ജീവൻ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതിയാണ് നീണ്ടുപോകുന്നത്. 2024 ആഗസ്റ്റിൽ തീർക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് 2026 ജൂണിലേക്ക് നീണ്ടുപോകുന്നത്.
രണ്ടു പഞ്ചായത്തുകളിലെ സാങ്കേതികത തടസ്സങ്ങളാണ് ഒരു ഘട്ടത്തിൽ വൈകാൻ കാരണമായത്. ഇപ്പോൾ പൈപ്പ് സ്ഥാപിക്കുന്ന അവസാന ഘട്ട പ്രവൃത്തികളാണ് നടക്കുന്നത്. എലവഞ്ചേരി കഴിഞ്ഞു.
പല്ലശ്ശേന മാർച്ചിൽ കഴിയും. എരിമയൂർ, കാവശ്ശേരി പുതുക്കോട് പഞ്ചായത്തുകളിൽ വേനൽ അവസാനം പണി തീരുമെങ്കിലും ജൂണിലെ ജലവിതരണം സാധ്യമാകൂ എന്നാണ് പദ്ധതി വിഭാഗം പറയുന്നത്.
പോത്തുണ്ടി ഡാമിൽനിന്ന് കൃഷിക്ക് ജലസേചനത്തിന് പുറമെ നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയിട്ടുള്ള പദ്ധതിക്ക് പുറമെയാണ് എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് എന്നിങ്ങനെ പഞ്ചായത്തുകളിലേക്ക് പദ്ധതി നടപ്പാക്കുന്നത്.
ഇതിന് കിഫ്ബിയുടെ180 കോടിയുടേതാണ് പോത്തുണ്ടി ഡാം സമഗ്ര കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട 94.45 കോടി ഉൾപ്പെടുത്തി 274.45 കോടിയാണ് ചെലവ്. ഹൈദരാബാദിലെ കമ്പനിക്കാണ് നിർമാണ ചുമതല.
ഡാമിന് മുൻ ഭാഗത്ത് 17.58 കോടി ചെലവിൽ 26 ദശലക്ഷം ലിറ്റർ ജല ശുദ്ധികരണശാലയുടെ നിർമാണവും എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള വെങ്കായ പാറയിലെ10 ലക്ഷം ലിറ്റർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തിയും നേരത്തേ പൂർത്തികരിച്ചു.
പല്ലശ്ശേന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള പല്ലാവൂർ കരിവേട്ട് മലയിൽ നിർമിക്കുന്ന 33 ലക്ഷം ലിറ്റർ സംഭരണിയിലേക്കും വെള്ളം പമ്പിങ് തുടങ്ങി.
ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള ആലത്തൂർ വെങ്ങന്നൂർ നെരങ്ങാംപാറ കുന്നിൻ മുകളിൽ നിർമാണത്തിലുള്ള 40 ലക്ഷം ലിറ്റർ സംഭരണിയിലേക്ക് വെള്ളം എത്തിക്കേണ്ട പ്രവൃത്തികളാണ് നീണ്ടുപോകുന്നത്. എരിമയൂർ ഭാഗത്ത് പാറ തുരന്ന് പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.