ഒലവക്കോട് താണാവിൽ ദേശീയപാതയരികിൽ കൂട്ടിയിട്ട മാലിന്യം
പാലക്കാട്: ഒലവക്കോട് ദേശീയപാതയിലൂടെ രാത്രി കടന്നുപോകുന്നവർ സഞ്ചരിക്കുന്നത് അപകട ഭീതിയും ദുർഗന്ധവും പേറി. തെരുവുവിളക്കില്ലാത്ത റോഡിൽ ശ്രദ്ധയൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്. ആറുമാസത്തിനിടെ അമ്പതോളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. രാത്രി തെരുവുവിളക്കില്ലാത്തതിനാൽ വാഹനത്തിെൻറ വെട്ടത്തിൽ വേണം ഇതുവഴി കടന്നുപോവാൻ. െറയിൽവേ മേൽപാലത്തിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ തമ്പടിച്ച നായ്ക്കളും പന്നികളും പൊടുന്നനെ റോഡിലിറങ്ങുന്നത് അപകടം വർധിപ്പിക്കുകയാണ്.
മാസ്ക് തുളക്കുന്ന ദുർഗന്ധം
ഇറച്ചി മാലിന്യമടക്കമുള്ളവ തള്ളൽ പതിവായതോടെ മാസ്ക് തുളച്ചെത്തുന്ന ദുർഗന്ധമാണ് പ്രദേശത്ത്. വെളിച്ചമില്ലായ്മ മുതലെടുത്താണ് പ്രദേശത്ത് മാലിന്യം തള്ളുന്നത്. മുന്നറിയിപ്പ് ബോർഡ് െവച്ചിട്ടുണ്ടെങ്കിലും നഗരസഭ ജീവനക്കാർ തന്നെ മാലിന്യം തള്ളുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്. ഹോട്ടലുകളിൽനിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും റോഡിെൻറ ഇരുവശത്തുമായി വലിച്ചെറിയുന്നു. മാലിന്യം കത്തിക്കുന്നതും പതിവാണ്. മാലിന്യം നീക്കാൻ നാളിതുവരെ നഗരസഭ തയാറായിട്ടില്ല. നിരവധി തവണ ഇവിടെ തീപിടിത്തമുണ്ടായപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരസഭ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
താളംതെറ്റിയ മാലിന്യ നിർമാർജനം
ജനവാസ േകന്ദ്രങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും മാലിന്യ നിർമാർജനം കാര്യക്ഷമമാക്കാനായി ഹരിതസേനയുടെ പ്രവർത്തനം ഉൗർജിതമാക്കിയിട്ടും പൊതുഇടങ്ങളിൽ മാലിന്യപ്രശ്നം തുടരുന്നത് പുതുതായി ചുമതയേറ്റ നഗരസഭ ഭരണസമിതിക്ക് തലവേദനയായിട്ടുണ്ട്. പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഹരിതസേനക്ക് മാലിന്യം കൈമാറാതെ ഒരുവിഭാഗം വിട്ടുനിൽക്കുന്നതാണ് പ്രശ്നമാകുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. നേരേത്ത വാർഡ് തലങ്ങളിൽ റിവ്യൂ യോഗങ്ങൾ നടത്തി മാലിന്യത്തിന് കടിഞ്ഞാണിടാൻ ശ്രമിച്ചിരുന്നെങ്കിലും കോവിഡ് കാലഘട്ടത്തിൽ ഇതെല്ലാം താളംതെറ്റി. കോവിഡ് വെല്ലുവിളിയായതോടെ നഗരസഭയിലെ ഹെൽത്ത് ഇൻസ്െപക്ടർമാരടക്കമുള്ളവർക്ക് ജോലിഭാരം വർധിച്ചതും രാത്രികാല നിരീക്ഷണ സ്ക്വാഡുകൾ നിർജീവമായതും പ്രതിസന്ധി രൂക്ഷമാക്കി. പ്രധാന മാലിന്യം തള്ളൽ കേന്ദ്രങ്ങൾ റെഡ് സ്പോട്ടുകളാക്കി കാമറ നിരീക്ഷണം നടത്തുന്നതടക്കം നഗരസഭയുടെ പദ്ധതികൾ കോവിഡ് സാഹചര്യത്തിൽ പാതിവഴിയിൽ നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.