പാലക്കാട്: വനിത ബില്ലിന്റെ പേരിൽ പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. നഗരസഭ വൈസ് ചെയർമാൻ ടി. ബേബി അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച വനിത ബില്ലിനെ പിന്തുണക്കണമെന്നും അത് വേഗത്തിൽ നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിച്ചത്.
തള്ളിപ്പോയ ബില്ല് കൗൺസിലിൽ വരരുതെന്ന് പ്രതിപക്ഷം വാദിച്ചു. പ്രമേയം അവതരിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്നായിരുന്നു പ്രതിപക്ഷ നിലപാട്. പ്രമേയം തള്ളിക്കളയണമെന്നും അല്ലെങ്കിൽ വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വോട്ടിനിടണോ വേണ്ടയോ എന്നത് തന്റെ വിവേചനാധികാരമാണെന്ന് ചെയർമാൻ പ്രസ്താവിച്ചു. പ്രതിപക്ഷാവശ്യം പരിഗണിക്കാതെ വന്നതോടെ മുദ്രാവാക്യം വിളിയായി.
പ്രമേയം പാസായെന്നും പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടെങ്കിൽ എഴുതി നൽകാമെന്നും ചെയർമാൻ പി. സ്മിതേഷ് അറിയിച്ചു. ഇതിനിടെ പ്രമേയത്തെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ ഭരണപക്ഷ അംഗങ്ങളും രംഗത്തിറങ്ങി. പീഡനക്കേസിൽ ഒളിവിൽ പോയ പ്രതിപക്ഷ കൗൺസിലറുടെ വിഷയം ഭരണപക്ഷ അംഗങ്ങൾ ഉയർത്തിയതോടെ ബഹളമായി.
പ്രമേയം തള്ളിക്കളയണമെന്ന ആവശ്യം നിരാകരിക്കപ്പെട്ട സാഹചര്യത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭ വിട്ടതോടെ മോദിക്ക് അഭിവാദ്യ മുദ്രാവാക്യം മുഴക്കി ഭരണപക്ഷവും രംഗത്തുവന്നു. നഗരസഭ അംഗങ്ങളുടെ അഞ്ച് പ്രമേയങ്ങളിൽ 24ാം വാർഡ് അംഗം പ്രശോഭിന്റെ പ്രമേയം അംഗം ഹാജരാകാത്തതിനാൽ കൗൺസിൽ പരിഗണിച്ചില്ല.
ബാക്കി പ്രമേയങ്ങൾ അംഗീകരിച്ചു. കൗൺസിലിന്റെ പരിഗണക്ക് വരേണ്ടിയിരുന്ന 91 വിഷയങ്ങളിൽ ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെയുള്ള ഒന്നുരണ്ട് വിഷയങ്ങൾ മാറ്റിവെച്ചതൊഴിച്ചാൽ ബാക്കിയെല്ലാം അനുമതിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.