പത്തിരിപ്പാല: കൊടുംചൂടിൽ പാമ്പിന്റെ ശല്യം ഏറെ രൂക്ഷമായതോടെ സ്നേക് റെസ്ക്യുവർ വിജയന് തിരക്കോട് തിരക്ക്. സാമൂഹിക സേവനരംഗത്ത് കൂടി നിറസാന്നിധ്യമായ നഗരിപ്പുറം സ്വദേശി വിജയനാണ് ജനസേവകനായി രാപ്പകലില്ലാതെ ഓടിനടക്കുന്നത്. ജീവൻപോലും പണയം വെച്ചാണ് എല്ലാ സേവന രംഗത്തും വിജയൻ മുന്നിൽ നിൽക്കുന്നത്. പാമ്പ് പിടിത്തതിന് പുറമെ ഫയർ ആൻഡ് സെക്യുരിറ്റി സിവിൽ ഡിഫൻസ്, വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ഒറ്റപ്പാലം കോടതി, എമർജൻസി ടീം ഇവിടെയെല്ലാം വിജയന്റെ സേവനം കാണാനാകും. കൂടാതെ ശബരിമല ഡ്യൂട്ടി, തൃശൂർ പൂരം, തെരഞ്ഞെടുപ്പ്, ഇവിടെയെല്ലാം തന്നെ സർക്കാറിന്റെ അംഗീകാരമുള്ള ജനസേവകനായി വിജയൻ എന്ന 59 കാരൻ മുന്നിലുണ്ടായിരുന്നു. വയനാട് ചൂരൽമല ദുരന്തത്തിലും വിജയൻ ഓടിയെത്തി.
പ്രവാസിയായിരുന്ന വിജയൻ ഗൾഫിൽ ജോലി നിർത്തി നാട്ടിലെത്തിയശേഷം മെക്കാനിക്കൽ എൻജിനീയർ കൂടിയായ വിജയൻ ഇലക്ടിക്കൽ വർക് ഷോപ് തുടങ്ങി. ഇതിനിടെയാണ് പാമ്പ് പിടിത്തത്തിലേക്ക് തിരിയുന്നത്. വനംവകുപ്പിന്റെ നിർദേശത്തോടെ മാസങ്ങളോളം പരിശീലനം നേടി. പാമ്പ് പിടിക്കാനുള്ള ലൈസൻസും സമ്പാദിച്ചു. പിടിച്ച പാമ്പുകളെ വനം വകുപ്പിന് കൈമാറും. ജനസേവന രംഗത്തും പാമ്പ് പിടിത്തത്തിലും കൂടുതൽ സജീവമായതോടെ വർക് ഷാപ്പ് ഒഴിയേണ്ടിവന്നു. ഇതിനിടെ 200 ലേറെ പാമ്പുകളെ പിടിച്ചതായി വിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അൽപം വിഷമമുണ്ടെങ്കിലും ഭാര്യ രാധികാദേവി വിജയന്റെ സേവന പാതക്ക് പൂർണ പിന്തുണ നൽകി വരുന്നുണ്ട്. ഭാര്യക്കും മക്കൾക്കുമൊപ്പം നഗരിപ്പുറത്താണ് താമസം. പാമ്പിനെ കണ്ടാൽ 8086162037 എന്ന നമ്പറിൽ വിളിച്ചാൽ വിജയന്റെ സേവനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.