കട്ട വിരിക്കൽ പൂർത്തിയാകാതെ അപകടം പതിവായ എ.കെ.ജി നഗർ ഭാഗം
കൂറ്റനാട്: രണ്ട് വർഷം മുമ്പ് തുടങ്ങിയ കറുകപുത്തൂർ- അക്കിക്കാവ് പാതയുടെ നവീകരണം ഇനിയും പൂർത്തിയായില്ല. ബി.എം.ബി.സി മാതൃകയിൽ ടാറിങ് ഏറെക്കുറെ പൂർത്തിയായ പാതയിൽ ഇൻറർലോക്ക് കട്ടകൾ പാകാൻ മാറ്റിയിട്ട 500 മീറ്ററോളം ഭാഗമാണ് ഒന്നര മാസമായി അനാഥമായി കിടക്കുന്നത്. പണി തുടരാതെ കിടക്കുന്നതിനാൽ പാകിയ കട്ടകൾ ഇളകിയും മറ്റും അപകടങ്ങൾ പതിവായി. ശനിയാഴ്ച പെരിങ്ങോട് എ.കെ.ജി നഗർ സലഫി മസ്ജിദ് റോഡിന് സമീപം റോഡിൽ കൂട്ടിയിട്ട കട്ടകളിൽ ബൈക്ക് തട്ടി കുടുംബം അപകടത്തിൽ പെട്ടിരുന്നു. ഞായറാഴ്ച രാത്രിയും ഇവിടെ ഇരുചക്രവാഹനം മറിഞ്ഞ് സ്ത്രീ യാത്രക്കാരിക്ക് പരിക്കേറ്റു. കട്ടകൾ വിരിക്കാൻ റോഡിൽ കരിങ്കൽപ്പൊടിയും മെറ്റലും വിരിച്ചതും ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നു.
റോഡ് നവീകരണത്തിനായി 13.5 കോടിയാണ് വകയിരുത്തിയിരുന്നത്. ഒന്നാംഘട്ടത്തിൽ 28 ഓവുപാലങ്ങളുടെയും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ ഓവുചാലുകളുടെയും നിർമാണം ഏകദേശം പൂർത്തിയായി. ഇതിനിടെ, കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായ പ്രവൃത്തികൾ നടന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൂർത്തിയാക്കാനായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും പഴയപടിയായി. പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് കോൺഗ്രസ് നാഗലശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തംഗം അഡ്വ. സി.പി ഫർഹത്ത്, ഒ.എം.എ കരീം, ഇ.കെ ആബിദ്, സൂരജ് രാമകൃഷ്ണൻ, സലീം പെരിങ്ങോട്, എം.കെ റസാഖ്, പി. ചന്ദ്രൻ, സി.പി ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.