കു​നി​ശ്ശേ​രി ഭാ​ഗ​ത്തെ കൊ​യ്തൊ​ഴി​ഞ്ഞ നെ​ൽ​പാ​ട​ങ്ങ​ളി​ലെ​ത്തി​യ ചെ​മ്മ​രി​യാ​ട്ടി​ൻ കൂ​ട്ട​ങ്ങ​ൾ. കാവൽ നായ്ക്കളെയും കാണാം

കൊയ്ത്തൊഴിഞ്ഞ വയലുകളിൽ തീറ്റതേടി ചെമ്മരിയാടിൻകൂട്ടം

കുനിശ്ശേരി: കൊയ്ത്തുകഴിഞ്ഞ നെൽപാടങ്ങളിൽ തീറ്റതേടി ചെമ്മരിയാടിൻ കൂട്ടങ്ങൾ കാലം തെറ്റാതെ വീണ്ടുമെത്തി. കുനിശ്ശേരി ഭാഗത്താണ് ഇപ്പോൾ എത്തിയിട്ടുള്ളത്.

മധുര, ദിണ്ടിക്കൽ, തേനി, രാമനാഥപുരം, ശിവഗംഗ എന്നിവിടങ്ങളിൽ നിന്നാണ് ആട്ടിൻ കൂട്ടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാർഷിക മേഖലയിലാണ് ഇവ എത്തുന്നത്. ഓരോ ഭാഗത്തും കൊയ്ത്ത് കഴിയുമ്പോഴാണ് അട്ടിൻകൂട്ടങ്ങൾ മേച്ചിൽ പുറം തേടി എത്തുന്നത്. പതിറ്റാണ്ടുകളായി ആടുകളുമായിവരുന്ന ഇടയന്മാർക്ക് സ്ഥിരമായ റൂട്ടുകളുണ്ട്. അതിലെ പലർക്കും ഇവിടത്തെ കർഷകരെ വരെ പരിചയമുണ്ട്. ആഴ്ചകളോളം ഒരു പ്രദേശത്ത് തമ്പടിച്ച് കൃഷിയിടങ്ങളിൽ ‘പട്ടിയിടും’.ആട്ടിൻകൂട്ടങ്ങളെ രാത്രി കിടത്തുന്നതിനെ ‘പട്ടിയിടുക’ എന്നാണ് പറയുക. വയലിൽ ഒരു രാത്രി കിടത്തുന്നതിന് 500 മുതൽ 700 രൂപ വരെ ഈടാക്കുന്നുണ്ട്. എണ്ണത്തിനനുസരിച്ചാണ് സംഖ്യ.

നൂറ് കണക്കിന് ആടുകൾ ഒരു കൂട്ടത്തിൽ ഉണ്ടാകും. ആടിനെ സംരക്ഷിക്കാൻ ഇടയൻമാർക്ക് പുറമെ ഓരോ കൂട്ടത്തിലും നാലോ അഞ്ചോ നായ്ക്കളുമുണ്ടാകും. ദിവസം ഒന്നോ രണ്ടോ ആടുകൾ പ്രസവിക്കും. തമിഴ്‌നാട് നിന്ന് പുറപ്പെടുമ്പോൾ ഉള്ള ആടുകളായിരിക്കില്ല തിരിച്ചെത്തുമ്പോഴുണ്ടാകുക. ആട്ടിൻകുട്ടികളെ ഒരാഴ്ചയോളം വെയിലു കൊള്ളാതെ കൃഷിയിടത്തിൽ തന്നെ കുടിൽകെട്ടി അതിനകത്താക്കും. ഓടിക്കളിക്കുന്ന പ്രായമാകുമ്പോൾ വലിയ അടുകൾക്കൊപ്പം കൂട്ടും. തമ്പടിക്കുന്ന സ്ഥലങ്ങളിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാണ് ആട് മേക്കുന്നവരുടെ രീതി. നിശ്ചിത പ്രായമായ ആടുകളെ വിൽപന നടത്തുന്നതും രോമം കമ്പിളി നിർമാണത്തിനായി മുറിച്ചെടുക്കുന്നതുമാണ് ഇതിലെ ആദായം. 

Tags:    
News Summary - A flock of sheep forages in the harvested fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.