വീണ്ടും അപേക്ഷ ക്ഷണിച്ചു മലപ്പുറം: ശിശുക്ഷേമ സമിതി (ചൈൽഡ് വെൽഫെയർ കമ്മിറ്റി) രൂപവത്കരിക്കാൻ ശിശുസംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരെ കണ്ടെത്താൻ കഴിയാത്തതിനാൽ നാല് ജില്ലകളിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ച് വനിത-ശിശു വികസന വകുപ്പ്. കാസർകോട്, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് യോഗ്യരെ കണ്ടെത്താത്തതിനെതുടർന്ന് വീണ്ടും അഭിമുഖത്തിന് വിജ്ഞാപനം ഇറക്കിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒരു ചെയർപേഴ്സനും നാലംഗങ്ങളും ഉൾപ്പെടെ അഞ്ചുപേരാണ് വേണ്ടത്. അഞ്ചിൽ ഒരാൾ വനിതയും ഒരാൾ കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള ആളുമാകണം. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളിൽനിന്ന് ഒരാളെ ചെയർപേഴ്സൻ പദവിയിലേക്ക് പരിഗണിക്കും. സോഷ്യോളജി, സൈക്കോളജി, വിദ്യാഭ്യാസം തുടങ്ങിയ ഏതെങ്കിലും ഒരുവിഷയത്തിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ ആരോഗ്യം, നിയമം, ശിശുവികസനം എന്നിവയിൽ ബിരുദവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പരിചയവുമാണ് യോഗ്യത. മൂന്നുവർഷത്തേക്കാണ് നിയമനം. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാർച്ച് 31ഓടെ അവസാനിച്ചിരുന്നു. ശിശുക്ഷേമ പ്രവർത്തനങ്ങളിൽ പരിചയമില്ലാത്താവരെ നിയമിച്ചത് മൂലം കഴിഞ്ഞ സമിതി പല വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. വാളയാർ കേസിലെ പ്രതികൾക്കുവേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ തന്നെ ഹാജരായത് നാണക്കേടുണ്ടാക്കിയിരുന്നു. വ്യത്യസ്ത മേഖലയിൽനിന്ന് ശിശുസംരക്ഷണ മേഖലയിൽ പരിചയമുള്ളവരെ നിയമിക്കണമെന്ന ചട്ടം നിലവിലിരിക്കെ നിയമമേഖലയിൽനിന്നുള്ളവരെയാണ് കൂടുതലും നിയമിച്ചിരുന്നത്. വനിത ശിശുവികസന ഡയറക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് വെച്ചായിരുന്നു മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, കാസർകോട് ജില്ലകളിലേക്ക് അഭിമുഖം നടത്തിയത്. 25ഓളം പേരാണ് എത്തിയിരുന്നത്. യോഗ്യരായവരെ കണ്ടെത്താത്തതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ അപേക്ഷക്ക് വിജ്ഞാപനം ഇറക്കിയത്. മറ്റ് ജില്ലകളിൽ അഭിമുഖം മാർച്ച് അവസാനത്തോടെ കഴിഞ്ഞിരുന്നു. ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും വെൽഫെയർ കമ്മിറ്റി നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.