മാത്തൂർ: വിളവ് കുറഞ്ഞാൽ നഷ്ടക്കണക്കിന്റെ ഭാരം പേറി നടക്കുന്ന നെൽകർഷകർക്ക് വിളവ് വർധിച്ചാൽ ആഹ്ലാദിക്കേണ്ടതിന് പകരം സർക്കാർ നയത്തിന്റെ പിടിപ്പുകേടു മൂലം ദുഃഖവും സമാധാനക്കേടുമാണ് മിച്ചം.രണ്ടാം വിള ഇത്തവണ പൊതുവെ നെൽ കർഷകർക്ക് മിച്ചവും ആശ്വാസവുമാണ്. പക്ഷെ സർക്കാറിന്റെയും കൃഷി വകുപ്പിന്റെയും തെറ്റായ നയം മൂലം കർഷകന്റെ സന്തോഷം തല്ലിക്കെടുത്തുകയാണ്.ഇത്തവണ ഭൂരിഭാഗം കർഷകർക്കും ഒരു ഏക്കർ കൃഷിയിൽ നിന്നും 2600 മുതൽ 3000 കിലോ വരെ വിളവു ലഭിച്ചിട്ടുണ്ട്. സപ്ലൈകോക്ക് നൽകിയാൽ പണം കിട്ടാൻ വൈകുമെങ്കിലും തരക്കേടില്ലാത്ത വില കിട്ടും. പക്ഷെ സപ്ലൈകോയുടെ നിർദേശം ഒരു ഏക്കർ കൃഷിയിൽ നിന്നും 2200 കിലോ വരെ മാത്രം സംഭരിച്ചാൽ മതിയെന്നാണ്.
കൃഷിക്കാരുടെ നിരന്തരമായ പരാതിയും സമ്മർദവും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഏക്കറിന് 2500 കിലോ വരെ സംഭരിക്കാൻ നിർദേശിച്ചതായി കർഷകർ പറയുന്നു. എന്നാലും ബാക്കിയുള്ള നെല്ല് എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് കർഷകർ. സന്ദർഭം മുതലാക്കി സ്വകാര്യ മില്ലുടമകൾ കിലോക്ക് 21 രൂപ തരാമെന്നാണ് പറയുന്നതെന്നും ഒന്നാം വിള സമയത്ത് നെല്ലിന് സ്വകാര്യ ഏജൻസികൾ ഒരു കിലോ നെല്ലിന് 31രൂപ വരെ നൽകിയിരുന്നതായും കർഷകർ പറഞ്ഞു. 21 രൂപക്ക് നെല്ല് നൽകിയാൽ കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാകും.വേനൽ മഴയെ പേടിച്ച് കർഷകർ കിട്ടിയ വിലക്ക് സ്വകാര്യ കച്ചവടക്കാർക്ക് നെല്ലുവിൽക്കാൻ നിർബന്ധിതരാണെന്നും കർഷകരെ ചൂഷണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ രണ്ടാവിള നെല്ലു മുഴുവൻ സംഭരിക്കാൻ കൃഷി വകുപ്പ് ഉത്തരവിറക്കണമെന്നും കർഷക കോൺ ജില്ല ഭാരവാഹി പി.വി. പങ്കജാക്ഷൻ ആവശ്യപ്പെട്ടു.മാത്തൂരിൽ രണ്ടാം വിള നെല്ല് ചാക്കിലാക്കി സപ്ലൈകോ സംഭരണ ഏജന്റുമാരെ കാത്ത് കഴിയുന്ന കർഷകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.