അണക്കെട്ടിന് ചുറ്റും കുടിവെള്ളത്തിന് നെട്ടോട്ടമോടി മലമ്പുഴ വാസികൾ

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ പരിസര പ്രദേശങ്ങളിലായിട്ടുപോലും വേനൽക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാട്ടുകാർ. ഡാമിന്‍റെ സമീപം ആദിവാസി ഉന്നതികളിൽ താമസിക്കുന്നവർക്ക് എല്ലാ വേനൽക്കാലത്തും ദുരിതമാണ്. മലമ്പുഴ പഞ്ചായത്തിൽനിന്ന് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് വേനൽക്കാലങ്ങളിൽ നാട്ടുകാരുടെ ദാഹമകറ്റുന്നത്. ഈ വെള്ളം ലഭിച്ചില്ലെങ്കിൽ പൂർണമായും ദുരിതത്തിലാകുന്ന സ്ഥിതിയാണ്.മലമ്പുഴ അണക്കെട്ട് റിസർവോയറിന് സമീപത്തെ കൊല്ലങ്കുന്ന്, ചേമ്പന, നാഗമ്മ തുടങ്ങി മലയുടെ താഴെ താമസിക്കുന്ന ഉന്നതികളിലെല്ലാം കുടിവെള്ള പ്രശ്നം രൂക്ഷമാണ്. മഴക്കാലത്ത് മലയിൽനിന്നും ചോലകളിൽനിന്നും വരുന്ന വെള്ളമാണ് ഇവർ ശേഖരിക്കുന്നത്.

പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന ടാങ്കർ ലോറി വെള്ളം പര്യാപ്തമല്ലാത്ത സാഹചര്യവുമുണ്ട്. കഞ്ചിക്കോടുള്ള ടാങ്കിലേക്ക് മലമ്പുഴയിൽനിന്ന് വെള്ളം ശേഖരിച്ച് അവിടെനിന്നുമാണ് മലമ്പുഴ മേഖലയിലേക്ക് പൈപ്പുകളിലൂടെ വെള്ളമെത്തുന്നത്. ഇത് ഉന്നതികളിൽ എത്തില്ല. കഴിഞ്ഞ ദിവസം രണ്ടോ മൂന്നോ വാർഡുകളിൽ പൈപ്പ് തകരാറിനെ തുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു. എത്ര സർക്കാറുകൾ മാറി മാറി വന്നാലും ഉന്നതികളിലുള്ളവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മേഖലയിൽനിന്നുള്ള വനിത പഞ്ചായത്ത് പ്രസിഡന്‍റായിട്ടും വിഷയത്തിൽ നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

ആനക്കല്ലിലോ കവയുടെ ഭാഗത്തോ ടാങ്ക് സ്ഥാപിച്ച് മലമ്പുഴ വെള്ളം വിതരണം ചെയ്താൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാർ പറ‍യുന്നത്. അല്ലെങ്കിൽ വർഷങ്ങൾക്ക് മുമ്പ് കടലാസിലൊതുങ്ങി പോയ കവറക്കുണ്ട് പദ്ധതി നടപ്പാക്കണം. പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന കവറക്കുണ്ടിൽ ചെക്ക് ഡാം സ്ഥാപിച്ച് നേരിട്ട് കുടിവെള്ളം വിതരണം നടത്തുന്നതായിരുന്നു പദ്ധതി.2010-11 കാലഘട്ടത്തിൽ ഇതിനുള്ള സർവേ നടത്തിയെങ്കിലും പദ്ധതി വെള്ളത്തിൽ വരച്ച വര പോലെയായി എന്നാണ് ആക്ഷേപം. വരുന്ന സർക്കാറെങ്കിലും ഉന്നതിവാസികളുടെ ദുരിതത്തിന് പരിഹാരം കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Tags:    
News Summary - Residents of Malampuzha crowd around the dam for drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.