തെരുവുനായ്​ ശല്യത്തിന് ശാശ്വത പരിഹാരം ഓങ്ങല്ലൂരിൽ ജില്ല പഞ്ചായത്ത് പദ്ധതിക്ക് നടപടികളായി

കൂമ്പൻകല്ല് മൃഗാശുപത്രിയിൽ അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയുടെ സ്ഥിരം കേന്ദ്രമാകും പട്ടാമ്പി: തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനമൊരുങ്ങുന്നു. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് നടപ്പാക്കുന്നത്. തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വന്ധീകരണം നടത്താനുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചയത്തിന് കീഴിലെ കൂമ്പൻകല്ല് മൃഗാശുപത്രിയിൽ ഒരുക്കാൻ പദ്ധതിയിടുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം എ.എൻ. നീരജ് അറിയിച്ചു. എ.ബി.സി പ്രോഗ്രാം നടപ്പാക്കുന്ന സ്ഥിരം കേന്ദ്രമായി കൂമ്പൻകല്ലിലെ മൃഗാശുപത്രി മാറിയാൽ ഒരു ഡോക്ടർ, നാല് ഡോഗ് ക്യാച്ചർമാർ, രണ്ട് അറ്റൻഡർമാർ എന്നിവർ ഈ പദ്ധതിക്ക് വേണ്ടി മാത്രമായി ഉണ്ടാകും. വന്ധീകരണം നടത്തുന്നതിനുള്ള ഓപറേഷൻ തിയറ്റർ, നായ്ക്കളെ പിടിച്ചുകൊണ്ടുപോകുന്നതിനുള്ള വാഹനം, നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോം എന്നിവയും ക്രമീകരിക്കും. കുറച്ചു മാസങ്ങളായി ഓങ്ങല്ലൂരിലും പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി ആളുകൾക്കാണ് പേ വിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റത്. ഇതിൽ പലർക്കും മെഡിക്കൽ കോളജ്​ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നു. നായ്ക്കൾ കുറുകെ ചാടിയുള്ള വാഹന അപകടങ്ങളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്ട് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്​ നീരജ് അറിയിച്ചു. സ്ഥല സൗകര്യങ്ങൾ വിലയിരുത്താൻ ജില്ല പഞ്ചായത്ത് അംഗം എ.എൻ. നീരജ്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി. രജീഷ്, വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ പ്രിയ പ്രശാന്ത്, മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ വി.എം. സുകുമാരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. pewptb 0262 തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരമേർപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്ന കൂമ്പൻകല്ല് മൃഗാശുപത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.