പള്ളിക്കൽ: കരിപ്പൂർ എയർപോർട്ട് റൺവേ വികസനവുമായി ബന്ധപ്പെട്ട സി.ഇ.ആർ ഫണ്ട് പള്ളിക്കൽ പഞ്ചായത്ത് സമർപ്പിച്ച രണ്ട് പദ്ധതികൾക്കും അനുവദിക്കാതെ കണ്ണൂർ ധർമടത്തെ പദ്ധതിക്കായി വകമാറ്റിയതിനെതിരെ നിയമനടപടികളുമായി പോകാൻ പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗ തീരുമാനം. സ്റ്റേറ്റ് എൻവിയർമെന്റ് ഇമ്പാക്ട് അസസ്മെന്റ് അതോറിറ്റി ഏഴ് പ്രോജക്ടുകൾക്കായി അംഗീകരിച്ച 10 കോടിയുടെ സി.ഇ.ആർ ഫണ്ടിൽ പള്ളിക്കൽ പഞ്ചായത്തിന്റെ രണ്ട് പദ്ധതികളും ഉണ്ടായിരുന്നു.
എയർപോർട്ടിൽ നിന്നുള്ള മഴവെള്ളം തിരിച്ചു വിടാൻ അഴനിക്കാട് ഭാഗത്തു ഡ്രൈനേജ് സംവിധാനത്തിനും കരിപ്പൂർ ജി.എം.എൽ.പി സ്കൂളിന്റെ ഭൗതിക സൗകര്യം വർധിപ്പിക്കാനുമായിരുന്നു പദ്ധതികൾ. കരിപ്പൂർ എയർപോർട്ട് ഡയറക്ടർ 2024 നവംബർ 22ന് ഈ ഏഴ് പ്രോജക്റ്റുകളുടെയും ഡി.പി.ആർ തയാറാക്കി നൽകാൻ കലക്ടർക്ക് കത്തയച്ചിരുന്നു. കലകർ പഞ്ചായത്തിലെ പദ്ധതികളുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടതനുസരിച്ചു സമയബന്ധിതമായി തന്നെ വിശദാംശങ്ങളും പ്രൊജക്റ്റ് റിപ്പോർട്ടും എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
എന്നാൽ, പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് എത്തുന്നതിന്റെ മുമ്പായി പഞ്ചായത്തിന് ഒരു ഓർമപ്പെടുത്തൽ കത്ത് പോലും അയക്കാതെ കലക്ടർ എയർപോർട്ട് ഡയറക്ടർക്ക് ഫണ്ട് അലോട്ട് ചെയ്യുകയായിരുന്നു. ഏഴ് പദ്ധതികൾക്ക് അനുവദിച്ച 10 കോടി സി.ഇ.ആർ ഫണ്ട് നാല് പദ്ധതികൾക്കായി വീതിച്ചു നൽകുകയായിരുന്നു. ഇതിൽ ഒമ്പത് കോടിയും കണ്ണൂർ ജില്ലയിലെ ഓൾഡ് ഏജ് ഹോമിനാണ് അനുവദിച്ചത്.
ഡ്രൈനേജിന്റെ 3.5 കോടിയുടെയും സ്കൂളിന്റെ 1.27 കോടിയുടെയും എസ്റ്റിമേറ്റ് ഉൾകൊള്ളുന്ന കത്ത് എയർപോർട്ട് ഡയറക്ടർക്ക് കലക്ടർ അയച്ചുകൊടുത്തെങ്കിലും അതിൽ പഞ്ചായത്തിന്റെ പദ്ധതികൾക്ക് ഫണ്ട് അലോട്ട് ചെയ്ത് എയർപോർട്ട് ഡയറക്ടറെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് നിയമ നടപടിയിലേക്ക് നീങ്ങുന്നത്.
ഇക്കാര്യത്തിൽ നിയമോപദേശം തേടാനും ആവശ്യമെങ്കിൽ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് നിയമ നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റിനെ ഭരണസമിതി ചുമതലപ്പെടുത്തി. എൺവിയോൺമെന്റൽ ക്ലിയറൻസ് നിബന്ധനകൾ പാലിക്കാതെയും നിയമ വിധേയമല്ലാതെയും പഞ്ചായത്ത് പദ്ധതികളെ ഒഴിവാക്കിയത് തിരുവനന്തപുരം എസ്.ഇ.ഐ.എ.എ. (സ്റ്റേറ്റ് എവോൺമെന്റൽ ഇമ്പാക്ട് അസ്സസ്മെന്റ് അതോറിറ്റി) മെംബർ സെക്രട്ടറിക്കും ഡൽഹി ഇ.എ.സി എക്സ്പെർട്ട് അപ്രയ്സൽ കമ്മിറ്റി മുമ്പാകെയും പരാതി കൊടുക്കാനും തീരുമാനമായി.
പ്രസിഡന്റ് സി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിമല കണ്ടാരംപറ്റ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ പി.സി. ലത്തീഫ്, അമ്പലഞ്ചേരി സുഹൈബ്, മെംബർമാരായ ചെമ്പാൻ മുഹമ്മദാലി, ലത്തീഫ് കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ, എൻ.പി. നിധിഷ്, പറമ്പൻ നീലകണ്ഠൻ, കടക്കോട്ടിരി ആരിഫാ ടീച്ചർ, ഹാജറ കോപ്പിലാൻ, കെ. അബ്ദുൽ ഹമീദ്, സി. നാരായണി, സെക്രെട്ടറി ശാമിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.