മലപ്പുറം: ജില്ല ഭരണസിരാകേന്ദ്രം ഉൾപ്പെട്ട പ്രധാന മണ്ഡലങ്ങളിലൊന്ന്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ യു.ഡി.എഫ് പ്രത്യേകിച്ച് മുസ്ലിം ലീഗിന് മികച്ച വേരോട്ടമുള്ള മണ്ഡലം. സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച മണ്ഡലം. അട്ടിമറിക്ക് ഒരു സാധ്യതയും കൽപ്പിക്കാത്ത ഉറച്ച യു.ഡി.എഫ് കോട്ട. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും പലതവണ മന്ത്രിപദത്തിലിരുന്ന ഉന്നത മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയവരും പ്രതിനിധീകരിച്ച മണ്ഡലത്തിൽ എതിർ സ്ഥാനാർഥികൾക്ക് മികച്ച പോരാട്ടംപോലും നടത്താൻ സാധിക്കാതെ വന്നിട്ടുണ്ട്.
1957 മുതൽ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ലീഗല്ലാത്ത ഒരു പാർട്ടിയെയും തുണക്കാത്ത മണ്ഡലം എന്ന അപൂർവ റെക്കോഡുമുണ്ട്. മലപ്പുറം നഗരസഭയും കോഡൂർ, പൂക്കോട്ടൂർ, മൊറയൂർ, പുൽപ്പറ്റ, ആനക്കയം പഞ്ചായത്തുകളും ചേർന്നതാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ മറുനാട്ടുകാരനായ ഹസ്സൻ ഗനിയെ സ്വതന്ത്രവേഷത്തിൽ ഇറക്കിയ ലീഗിന് പിഴച്ചില്ല. മൂന്ന് വർഷത്തിന് ശേഷം ലീഗ് ബാനറിൽ ഗനി ഭൂരിപക്ഷം നാലിരട്ടിയാക്കി വർധിപ്പിച്ചു. കോൺഗ്രസ് പിളർന്നുണ്ടായ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ലീഗിൽനിന്ന് ഭിന്നിച്ച അഖിലേന്ത്യ ലീഗും ഐ.എൻ.എല്ലുമൊക്കെ മലപ്പുറത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ഭൂരിപക്ഷത്തിൽ വീണ്ടും റെക്കോഡിട്ടു.
പി. ഉബൈദുല്ലക്ക് നൽകിയത് 44,322 വോട്ടിന്റെ ലീഡ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷം 40,000 കടന്നത്. 2016ൽ പക്ഷെ ഭൂരിപക്ഷം അൽപ്പം താഴേക്ക് വന്നു. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട പി. ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672 ലേക്ക് താഴ്ന്നു. 2017ലെ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലീഡ് 33,281ലേക്ക് വീണ്ടും ചുരുങ്ങി. എന്നാൽ, 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം നൽകിയത് 44,976 വോട്ടിന്റെ മേൽക്കൈ.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,208 എന്നനിലയിൽ അൽപം താഴ്ന്നെങ്കിലും ജയത്തിന് ഒരു കോട്ടവുമുണ്ടായില്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീർ പാർലമെന്റിലെത്തിയപ്പോൾ 54,041 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് മലപ്പുറം ഇ.ടിക്ക് നൽകിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്തം നിലനിർത്തി. ലോക്സഭയിലും തദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മിന്നും പ്രകടനമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. പുതുമുഖത്തെ കളിത്തിലിറക്കി പോർമുഖം തുറക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
2021 നിയമസഭ
പി. ഉബൈദുല്ല (മുസ്ലിം ലീഗ്)-93,166
പാലോളി അബ്ദുറഹിമാൻ (സി.പി.എം)-57,958
സേതുമാധൻ (ബി.ജെ.പി)--5,883
ഇ.സി. ആയിഷ (വെൽഫെയർ പാർട്ടി)-- 3,194
ഭൂരിപക്ഷം---35,208
2024 ലോക്സഭ തെരഞ്ഞെടുപ്പ്
ഇ.ടി. മുഹമ്മദ് ബഷീർ (ലീഗ്)--1,04,747
വി. വസീഫ് (സി.പി.എം)-50,706
ഡോ. അബ്ദു സലാം (ബി.ജെ.പി)-7983
ഭൂരിപക്ഷം--54,041
2025 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നില
യു.ഡി.എഫ്----1,10,923
എൽ.ഡി.എഫ്-----69,085
എൻ.ഡി.എ------2045
യു.ഡി.എഫ് ലീഡ്----41,838
തദ്ദേശം കക്ഷിനില
മലപ്പുറം നഗരസഭ: യു.ഡി.എഫ് -38, എൽ.ഡി.എഫ്--07
കോഡൂർ പഞ്ചായത്ത്: യു.ഡി.എഫ് -21, എൽ.ഡി.എഫ്-02
ആനക്കയം: യു.ഡി.എഫ്-- 21, എൽ.ഡി.എഫ്--03
പുൽപ്പറ്റ: യു.ഡി.എഫ്--18, എൽ.ഡി.എഫ്---06
പൂക്കോട്ടൂർ: യു.ഡി.എഫ്---22, എൽ.ഡി.എഫ്--01
മൊറയൂർ: യു.ഡി.എഫ്-20, യു.ഡി.എഫ് വിമതൻ---01
ആരാവും സ്ഥാനാർഥി
യു.ഡി.എഫിൽ, പി.കെ. കുഞ്ഞാലിക്കുട്ടിയോ അല്ലെങ്കിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമോ ഇക്കുറി മലപ്പുറത്ത് മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. യൂത്ത് ലീഗ് നേതാവ് മുജീബ് കാടേരിയും സാധ്യത പട്ടികയിലുണ്ട്. ആസ്ഥാനമണ്ഡലത്തിൽ മികച്ചൊരു യുവ സ്ഥാനാർഥിയെ അവതരിപ്പിക്കാൻ സി.പി.എമ്മും അണിയറയിൽ നീക്കം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.