കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂളിൽ ഉപജീവനം പദ്ധതിക്ക് നേതൃത്വം
നൽകുന്ന രാജു മാഷ്
ഗിഫ്റ്റ് വൗച്ചറുമായി
വേങ്ങര: റമദാൻ വിശേഷമായി അധ്യാപകർ വിദ്യാർഥികൾക്ക് പെരുന്നാൾ കുപ്പായങ്ങൾ വിതരണം ചെയ്തത് വേറിട്ട കാഴ്ചയായി. കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂളിലാണ് പുതുമയുള്ള നോമ്പുകാല കാഴ്ചക്ക് വേദിയായത്. സ്കൂളിലെ അർഹതപ്പെട്ട വിദ്യാർഥികൾക്ക് ചെറിയ പെരുന്നാളിന് പെരുന്നാൾ കുപ്പായം വാങ്ങാനുള്ള പണം ഗിഫ്റ്റ് വൗച്ചറായി നൽകി സ്നേഹത്തിന്റെ മാതൃക തീർക്കുകയാണ് ഈ വിദ്യാലയം. പെരുന്നാളിന് പുതിയ കുപ്പായം ധരിക്കാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ചിന്തയിൽനിന്നാണ് ഉപജീവനം@5 എന്നു പേരിട്ട പരിപാടി സംഘടിപ്പിച്ചത്. 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് വിദ്യാർഥികൾക്ക് നൽകിയത്.
ആഘോഷങ്ങൾ നമുക്ക് സന്തോഷം നൽകുന്നുവെന്നും ആ സന്തോഷം ഏറ്റവും കൂടുതൽ അറിയേണ്ടത് കുഞ്ഞുങ്ങളാണെന്നും പരിപാടിക്ക് നേതൃത്വം നൽകിയ സ്കൂളിലെ അധ്യാപകൻ രാജു പറയുന്നു. ഉപജീവനം എന്ന പേരിൽ ഇതിനുമുമ്പ് നാലു ഘട്ടങ്ങളിലായി ഇവിടെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒന്നാം ഘട്ടത്തിൽ ഒരു കുടുംബത്തിന് ആടുകളെ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ പശുവിനെ വിതരണം ചെയ്ത് ഒരു കുടുംബത്തിന് കൈത്താങ്ങായി. മൂന്നാം ഘട്ടത്തിൽ 45 മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. നാലാം ഘട്ടത്തിൽ ഒരു കുടുംബത്തിന് മുറ ഇനത്തിലുള്ള പോത്തിനെയും നൽകി. ഉപജീവനം പരിപാടിക്ക് നേതൃത്വം നൽകിയ അധ്യാപകൻ രാജുവിനെ സ്കൂളിൽ നടന്ന പരിപാടിയിൽ അഭിനന്ദിച്ചു. പ്രധാനാധ്യാപകൻ ഉണ്ണി, സ്കൂൾ മാനേജർ കെ.പി. ഹുസൈൻ ഹാജി, പി.ടി.എ പ്രസിഡൻറ് കെ.പി. നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.