കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തു വാ​ട്ട​ർ സ്പോ​ർ​ട്ട്സി​ന്റെ ഭാ​ഗ​മാ​യ സ്പീ​ഡ് ബോ​ട്ട് ക​ട​ലി​ൽ സ​ഞ്ചാ​ര​ത്തി​നി​​െട

കോഴിക്കോട്: കടലിലെ സാഹസികത കരളുകൊണ്ടനുഭവിപ്പിക്കുകയാണ് വാട്ടർ സ്പോർട്സിലുടെ അനന്തുവും വിപിൻദാസും. കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ മൂന്നുവർഷമായി തങ്ങളുടെ കടൽ സ്വപ്നങ്ങൾ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ് രണ്ട് ചെറുപ്പക്കാർ. സ്കുൾ പഠനകാലത്ത് ഗോവയിലേക്ക് വിനോദയാത്ര പോയപ്പോഴാണ് തങ്ങൾ ജനിച്ചുവളർന്ന നാട്ടിലും വാട്ടർ സ്പോർട്സ് സാധ്യമാക്കിക്കൂടെയെന്ന ചിന്ത ബേപ്പൂർ സ്വദേശിയായ അനന്തുവിന്റെ മനസ്സിൽ നങ്കൂരമിട്ടത്.

കടലിലെ സാഹസികതയെക്കുറിച്ചുള്ള ആദ്യ ചിന്തപോലും ഞെട്ടലുളവാക്കിയവർക്ക് ഒറ്റയാത്രക്കുശേഷം കടലിൽ തുടർയാത്രകൾ നടത്തണമെന്ന ആഗ്രഹത്തിലേക്കെത്തിച്ചിരിക്കുകയാണ് ഈ സാഹസികർ. കടലുമായി ചേർന്ന ജീവിതത്തിൽ നിന്നുതന്നെ തൊഴിലും സ്വപ്നവും കണ്ടെത്തിയ ഈ യുവസംരംഭകർ കടലിൽ കാണിക്കുന്ന അഭ്യാസങ്ങൾ ആരെയും അതിശയിപ്പിക്കും. പരിചയസമ്പന്നനായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ലിജോ ക്യാപ്റ്റന്റെ സാഹസികതയും കോഴിക്കോട്ടെ വാട്ടർ സ്പോർട്സിനെ ഏറെ ജനശ്രദ്ധയിലേക്കെത്തിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരപകടം പോലും ഉണ്ടാക്കാതെയാണ് ഈ സംഘം സ്പീഡ് ബോട്ടിലൂടെ വാട്ടർ സ്പോർട്സിനെ ജനകീയമാക്കുന്നത്.

വർഷങ്ങളോളം കടൽ ജോലിയിൽ ഏർപ്പെട്ട 11 പേരടങ്ങുന്ന ടീമാണ് സാഹസികയാത്രയുടെ തണ്ടും തടിയുമായുള്ളത്. ഏതപകടങ്ങളെയും തരണംചെയ്യാനുള്ള ഒരു മാസത്തെ ശാസ്ത്രീയ പരിശീലനം ഇവർ ഗോവയിൽനിന്ന് നേടിയിട്ടുണ്ട്. ലൈവ് സേവിങ് പരിശീലനത്തിനുപുറമെ മൂന്ന് മിനിറ്റ് കൊണ്ട് 100 മീറ്റർ കടലിൽ നീന്തൽ, ഒരാളെ ശരീരത്തിൽ വെച്ച് നീന്തൽ, സി.പി.ആർ നൽകൽ തുടങ്ങിയ എല്ലാം പരീക്ഷകളും വിജയകരമായി പൂർത്തിയാക്കിട്ടുണ്ട് സംഘം. ബോട്ടിന്റെ മെക്കാനിക്കൽ വർക്ക് അഭ്യസിച്ചതിനുശേഷമാണ് അനന്തു സ്വന്തമായി ബോട്ട് സർവിസ് രംഗത്തേക്ക് കടന്നുവരുന്നത്. പ്രതിരോധ ബോട്ടുകളുടെ ജോലി ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരിക്കെയാണ് അനന്തു വിപിനൊപ്പം പുതിയ സംരംഭം തുടങ്ങുന്നത്.

11 പേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ബോട്ടുകളാണ് നിലവിലുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴു മണി മുതൽ സർവിസ് ആരംഭിക്കും. മറ്റു ദിവസങ്ങളിൽ രാവിലെ ഒമ്പതു മണി മുതലാണ് സർവിസ്. മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒരാൾക്ക് 250 രൂപയാണ് നിരക്ക്. ഒരു ദിവസത്തിൽ ശരാശരി 250 ഓളം പേർ ബോട്ട് യാത്രക്കായി എത്തുന്നുണ്ട്. കോഴിക്കോട് കടപ്പുറത്തിന് വലിയ ടൂറിസം സാധ്യതകളുണ്ടെന്നും, അടുത്ത സീസണിൽ പുതിയ വിനോദ റൈഡുകൾ കൊണ്ടുവരുമെന്നും അനന്തു പറഞ്ഞു. 

Tags:    
News Summary - Water sports that make the sea accessible to everyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.