കമ്പിളിപ്പാറയിൽ മരപ്പാലത്തിലൂടെ സെൻസസ് ഉദ്യോഗസ്ഥയുടെ സാഹസിക യാത്ര
നാദാപുരം: ദേശീയ ജനസംഖ്യ കണക്കെടുപ്പിന്റെ ഭാഗമായി മലയോര മേഖലകളിൽ എത്തുന്ന ഉദ്യോഗസ്ഥർ കടുത്ത ദുരിതത്തിൽ. വാണിമേൽ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കമ്പിളിപ്പാറ - പൂവത്താംകണ്ടി തുടങ്ങിയ മലയോര ഭാഗങ്ങളിലാണ് കണക്കെടുപ്പ് ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജീവനക്കാരുടെ ജോലി ദുഷ്കരവുമാക്കുകയാണ്. മലഞ്ചെരുവുകളിൽ ചിതറിക്കിടക്കുന്ന രീതിയിലാണ് ഇവിടെ വീടുകളുള്ളത്. 245 ലധികം വീടുകളാണ് ഒരു എന്യുമറേറ്റർക്കുള്ളത്. അടുത്തടുത്ത വീടുകളില്ലാത്തതിനാൽ ഓരോ വീടും സന്ദർശിക്കാൻ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കേണ്ടി വരുന്നു.
കൃത്യമായ റോഡ് സൗകര്യമില്ലാത്ത ഈ ഒറ്റപ്പെട്ട മേഖലയിൽ കുത്തനെയുള്ള കയറ്റങ്ങളും കല്ലും മണ്ണും നിറഞ്ഞ കാട്ടുപാതകളുമാണ് ഉള്ളത്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നടന്നുതന്നെ വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. മലയോര മേഖലയിൽ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും കനത്ത മഴയും ഉദ്യോഗസ്ഥരുടെ യാത്രകളെ കൂടുതൽ അപകടകരമാക്കുന്നു. വഴുക്കലുള്ള പാറയിടുക്കുകളിലൂടെയുള്ള യാത്ര ജീവന് തന്നെ ഭീഷണിയാണ്. ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് എത്താൻ തന്നെ മണിക്കൂറുകൾ നടക്കേണ്ടി വരുന്നു. കുടിവെള്ളം പോലും കിട്ടാത്ത ഒറ്റപ്പെട്ട വനമേഖലയോട് ചേർന്ന ഭാഗങ്ങളുമുണ്ട് ഇതിൽ.
പലപ്പോഴും വന്യമൃഗങ്ങളുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ജോലിക്കായി മറ്റൊരാളെക്കൂടെ ഒപ്പം കൂട്ടേണ്ട സാഹചര്യവും നിലവിലുണ്ട്. കഷ്ടപ്പെട്ട് വീട്ടിലെത്തിയാൽ ആളൊഴിഞ്ഞുകിടക്കുന്ന അവസ്ഥ. ഒരു ദിവസം തന്നെ നഷ്ടമാക്കുന്ന സ്ഥിതിയുണ്ടെന്നും കണക്കെടുപ്പ് ചുമതലക്കാർ പറയുന്നു. ഇത്തരം സ്ഥലത്ത് കണക്കെടുപ്പ് കൃത്യസമയത്ത് പൂർത്തിയാക്കാൻ ജീവനക്കാർക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. അല്ലാത്തപക്ഷം ഒറ്റപ്പെട്ട മേഖലകളിലെ വിവരശേഖരണം നിശ്ചിത സമയത്തിനകം പൂർത്തിയാക്കുക അസാധ്യമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.