ഷിഫ
കുന്ദമംഗലം: വീണ്ടുമൊരു ലോകകപ്പ് ഫുട്ബാൾ ഫൈനലിന് വിസിൽ മുഴങ്ങുമ്പോൾ, ഖത്തർ ലോകകപ്പ് ഫൈനലിന്റെ ഓർമയിലാണ് ഷിഫ. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫിഫയുടെ ഒഫിഷ്യൽസിന് മേക്കപ് ചെയ്യാൻ അവസരം ലഭിച്ചയാളാണ് കോഴിക്കോട് മടവൂർ സ്വദേശിയായ മേക്കപ് ആർട്ടിസ്റ്റ് കെ.കെ. ഷിഫ. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളുടെ ഫൈനൽ ഷിഫക്ക് ഒരിക്കലും മറക്കാനാവില്ല. ഫൈനൽ മത്സരത്തിലും സമ്മാനദാന ചടങ്ങിനുമായി ഫിഫ ഒഫീഷ്യൽസിനെയും അർജന്റീന ടീം ഒഫീഷ്യൽസിനെയും വിവിധ കലാകാരന്മാരെയും അണിയിച്ചൊരുക്കിയ ഫിഫയുടെ 12 രാജ്യങ്ങളിൽ നിന്നുള്ള മേക്കപ് ടീമിലെ അംഗമായിരുന്നു.
എൻജിനീയറായ ഭർത്താവ് എം. നവാസിനൊപ്പമാണ് 2022ൽ ഷിഫ ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ നൃത്തസംഘത്തിനും ഒഫീഷ്യൽസിനും മറ്റും പ്രഫഷനൽ മേക്കപ് ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അപേക്ഷ നൽകി. ഫൈനൽ മത്സരത്തിലും തൊട്ട് മുമ്പുള്ള റിഹേഴ്സൽ ദിവസത്തിലുമടക്കം രണ്ടു ദിവസം ഒഫീഷ്യൽസിനെ അണിയിച്ചൊരുക്കാനാണ് അവസരം ലഭിച്ചത്. ഫൈനൽ ദിവസം രാവിലെ ലുസൈൽ സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രീൻ റൂമിലെത്തി. ലൈവ് ടെലികാസ്റ്റും ഗ്രൗണ്ടിലുമായി കോടിക്കണക്കിന് ആളുകൾ വീക്ഷിക്കുന്ന ഫൈനലിൽ ഒഫീഷ്യൽസിന് വേണ്ട മേക്കപ് ചെയ്തു. അന്ന് രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകൻ സെയിൻ ഭർത്താവിനോടൊപ്പം സ്റ്റേഡിയത്തിന് പുറത്തായിരുന്നു.
ഫിഫയുടെ മേക്കപ്പ് അക്രഡിറ്റേഷൻ കാർഡുള്ളതിനാൽ ഫൈനൽ മത്സരം നേരിൽ കണ്ടു. നാട്ടിൽ ഫ്രീലാൻസ് ബ്രൈഡൽ മേക്കപ് ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ് ഷിഫ. സിനിമ സെലിബ്രിറ്റി താരങ്ങളുടെ അടക്കം ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.