നാദാപുരം: വീടുവിട്ടിറങ്ങി ഹോട്ടൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. നാദാപുരം സ്വദേശിയായ 34കാരനെയാണ് നാദാപുരം പൊലീസ് മാഹിയിലെ ലോഡ്ജിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നാടകീയമായ ഈ രക്ഷാപ്രവർത്തനം.
രാവിലെ വീട്ടിൽ നിന്ന് പോയ യുവാവ് രാത്രിയായിട്ടും തിരിച്ചെത്താതായതോടെ ആശങ്കയിലായ ബന്ധുക്കൾ നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മാഹിയിലാണെന്ന് കണ്ടെത്തി.
ഉടൻ തന്നെ നാദാപുരം പൊലീസ് വിവരം മാഹി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. തുടർന്ന് നാദാപുരം അഡീഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും യുവാവിന്റെ ബന്ധുക്കളും മാഹിയിലേക്ക് തിരിച്ചു. ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള തിരച്ചിലിനൊടുവിൽ യുവാവ് താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. ലോഡ്ജ് മുറിയുടെ വാതിലിൽ പലതവണ മുട്ടിവിളിച്ചിട്ടും അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് പൊലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ കഴുത്തിൽ കുരുക്കിട്ട നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പൊലീസ് സംഘം യുവാവിനെ മരണമുഖത്തുനിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം നടത്തിയ പൊലീസ് സംഘത്തിൽ എസ്.സി.പി.ഒ കെ.കെ. ശ്രീലേഷ്, ഡ്രൈവർ വിനു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.