മുക്കം ടൗൺ രണ്ടാം ഘട്ട സൗന്ദര്യവത്കരണ പ്രവൃത്തി സി.കെ കാസിം എം.എൽ.എ പരിശോധിക്കുന്നു
മുക്കം: മാസങ്ങൾക്ക് മുമ്പ് തുടങ്ങുകയും പാതിവഴിയിൽ നിൽക്കുകയും ചെയ്യുന്ന മുക്കം ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സി.കെ കാസിം എം.എൽ.എ നിർദേശം നൽകിയത്. മെല്ലെപ്പോകുന്ന പ്രവൃത്തിക്കെതിരെ വ്യാപാരികളുടെയും യാത്രക്കാരുടെയും നിരന്തര പരാതികൾ ഉയർന്നിരുന്നു എങ്കിലും ഇതൊന്നും വകവെക്കാതെ കരാറുകാരൻ മുന്നോട്ട് പോവുന്ന സാഹചര്യമായിരുന്നു.
പ്രവൃത്തിയുടെ ഭാഗമായി മാസങ്ങളായി പല സ്ഥലങ്ങളിലും പൊളിച്ചിടുകയും പുതിയ സ്റ്റാൻഡ് അടച്ചിടുകയും ചെയ്തതോടെ മുക്കത്തെ വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടവും പൂർണമായും നഷ്ടമായി. ഓണം സീസൺകൂടി നഷ്ടമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ആദ്യം സ്ഥലം സന്ദർശിക്കുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗം ചേരുകയും ചെയ്തത്. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത തരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും പുതിയ ബസ് സ്റ്റാൻഡ് ഉടൻ തുറന്ന് കൊടുക്കാനും എം.എൽ.എ നിർദേശം നൽകി.
നഗരസഭ കൗൺസിലർമാരായ സജീഷ് വയലത്ത്, ശരീഫ് വെണ്ണക്കോട്, സുഹറ വഹാബ്, ജിജി ജയരാജ്, ഹനീഫ തെച്ചിയാട്, ഷബാന, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എഞ്ചിനിയർ കെ.വി സുജീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ പി.കെ രൻജി, അസിസ്റ്റൻറ് എഞ്ചിനീയർ പി. അതുൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനിയർ എൽ. വിഷ്ണുജി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർമാരായ എം.ജി അഖിൽ, എം.കെ. ശ്രീജിത്ത്, അസിസ്റ്റൻറ് എഞ്ചിനീയർ രൂപേഷ് വ്യാപാരി നേതാക്കളായ അലി അക്ബർ, അനീസ് വിപി എന്നിവർ പങ്കെടുത്തു.
ദിവസേന നൂറ് കണക്കിന് യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുക്കത്ത് രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയാവുന്നതോടെ കൂടുതൽ സൗകര്യങ്ങളും വർധിക്കും. രണ്ടാം ഘട്ട പരിഷ്ക്കരണ ഭാഗമായി തൃക്കുടമണ്ണ ക്ഷേത്രം റോഡ്, ഓർഫനേജ് റോഡ്, മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, ബൈപ്പാസ്, പുതിയ സ്റ്റാൻഡ് റോഡ് എന്നിവ ഇന്റർലോക്ക് ചെയ്തു മനോഹരമാക്കും. മുക്കത്തെ ഏക പൊതു ഇടമായ എസ്.കെ പാർക്ക് നവീകരിക്കുന്നതിനും ഡ്രൈനേജ്, ഫുട്പാത്ത് എന്നിവ സ്ഥാപിക്കുന്നതിനും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.