കോഴിക്കോട്: സംസ്ഥാനത്ത് ചേരാച്ചിറകൻ ഇനത്തിൽപെട്ട പുതിയ തുമ്പിയെ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളജിന് സമീപത്തെ വരഡൂർ-പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പരപ്പുകളിൽനിന്നാണ് തുമ്പിയെ കണ്ടെത്തിയത്. ലെസ്റ്റസ് പലോട്ടി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. 1929നു ശേഷം പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തുന്ന ആദ്യത്തെ തുമ്പിയാണിതെന്നാണ് ശാസ്‍ത്രജ്ഞർ പറയുന്നത്. ഒരു നൂറ്റാണ്ടിന് ശേഷമാണ് പശ്ചിമഘട്ടത്തിലെ ചേരാച്ചിറകൻ തുമ്പികളുടെ പട്ടികയിലേക്ക് ഒരു പുതിയ ഇനംകൂടി ചേർക്കപ്പെടുന്നത്. ഇത്രയും ദീർഘമായ ഇടവേളക്കു ശേഷം പുതിയ ഇനം കണ്ടെത്തുന്നത് പ്രാണിശാസ്ത്രത്തിൽ അപൂർവ സംഭവമാണ്. പുതിയ കണ്ടെത്തൽ ഇന്റർനാഷനൽ ജേണൽ ഓഫ് ഒഡോണാറ്റോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിന്റെ വിലപ്പെട്ട സംഭാവനകളെ ആദരിച്ചാണ് പുതിയ ഇനത്തിന് ലെസ്റ്റസ് പലോട്ടി എന്ന് പേരു നൽകിയത്.
മറ്റു ചേരാച്ചിറകൻ തുമ്പികളിൽ നിന്ന് വ്യത്യസ്തമായി, ജലാശയങ്ങൾക്ക് സമീപമല്ലാതെ വീടുകളുടെ പരിസരങ്ങളിലെ കുറ്റിച്ചെടികളിലും ലാറ്ററൈറ്റ് കുന്നിൻപ്രദേശങ്ങളിലുമാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. വേനൽക്കാലത്ത് തവിട്ടുനിറത്തിലും മഴക്കാലത്ത് നീലനിറത്തിലേക്കും മാറുന്ന ശ്രദ്ധേയമായ കാലാവസ്ഥാനുസൃത വർണവ്യത്യാസവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്. പാലാ അൽഫോൺസ കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ വിനയൻ പി. നായർ, ഡോ. മായ ജോർജ്, ഡോ. എബ്രഹാം സാമുവൽ, ഡോ. കലേഷ് സദാശിവൻ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഈ കണ്ടെത്തലോടെ കേരളത്തിൽ അറിയപ്പെടുന്ന തുമ്പികളുടെ എണ്ണം 14 കുടുംബങ്ങളിലായി 87 ജനുസ്സുകളിൽ ഉൾപ്പെടുന്ന 192 ഇനങ്ങളായി ഉയർന്നു. ഇതിൽ 81 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എൻഡെമിക് ഇനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.