ആവേശക്കടലായി ‘മാധ്യമം’ സോക്കർ കാർണിവൽ

കോഴിക്കോട്: ലോകകപ്പിനായുള്ള കാൽപന്ത് പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കോഴിക്കോട് ലുലു മാളിൽ പുരോഗമിക്കുന്ന ‘മാധ്യമം’ സോക്കർ കാർണിവലിലും ആവേശം അലതല്ലുന്നു. മേളയുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയിൽ അഡ്വ. ഫൈസൽ ബാബു എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ലുലു റീജിനൽ ഡയറക്ടർ മുഹമ്മദ്‌ ഷരീഫ് മാട്ടിൽ സംബന്ധിക്കും. കൂടാതെ ലോക റെക്കോഡ് നേടിയ ഫ്രീസ്റ്റൈൽ ഫുട്ബാൾ താരം ഉമർ ഫ്രീസ്റ്റൈലും ഇന്ന് സോക്കർ കാർണിവലിൽ ആവേശം തീർക്കും.

കുട്ടികളും യുവാക്കളും കുടുംബങ്ങളുമടക്കം വൻ ജനസാഗരമാണ് ദിനംപ്രതി കാർണിവൽ വേദിയിലേക്ക് ഒഴുകിയെത്തുന്നത്. മിനി പെനാൽറ്റി ഷൂട്ടൗട്ട്, സ്പോട്ട് ജഗ്ലിങ്, ഫുട്ബാൾ ക്വിസ്, കളിക്കാരെ തിരിച്ചറിയൽ തുടങ്ങിയ മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണുള്ളത്. വിജയികൾക്ക് തത്സമയം സമ്മാനമുണ്ട്. ‘മാധ്യമ’വും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന ഈ കാൽപന്ത് മഹോത്സവം ലുലു മാൾ, മെഡിമിക്സ്, വോക്‌സ് വാഗൺ, മേളം, ഈഗ്ൾസ് എഫ്.സി കേരള, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

സെമി ഫൈനൽ, ഫൈനൽ ലുലു മാളിൽ ബിഗ് സ്ക്രീൻ

ലോകകപ്പ് ഫുട്ബാൾ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ലുലു മാളിൽ പൊതുജനങ്ങൾക്കായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. ഒന്നാം നിലയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പ്രദർശനം.

ഫ്രീസ്റ്റൈൽ വിസ്മയവുമായി ഉമർ

15.85 കിലോഗ്രാം തൂക്കം വരുന്ന എൽ.പി.ജി സിലിണ്ടർ നെറ്റിയിൽ ബാലൻസ് ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ഉമർ ഫ്രീസ്റ്റൈൽ ഇന്ന് ‘മാധ്യമം’ സോക്കർ കാർണിവൽ വേദിയിൽ ഫുട്ബാൾകൊണ്ട് വിസ്മയമൊരുക്കും. ഉമറിന്റെ സാഹസിക പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്.


ഫുട്ബാൾ ഫ്രീസ്റ്റൈലിലും സിലിണ്ടർ ബാലൻസിങ്ങിലും ഒരേപോലെ വിസ്മയം തീർക്കുന്ന ഉമർ കൊണ്ടോട്ടി ഗവ. കോളജ് മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ്. കൊണ്ടോട്ടി ഒളവട്ടൂർ മഞ്ഞാട്ടുമുറി എം.എൻ. മുഹമ്മദ്-ജസീന ദമ്പതികളുടെ മകനായ ഉമറിന്റെ അത്ഭുത പ്രകടനങ്ങൾ കോഴിക്കോട് ലുലു മാളിലെ കാർണിവൽ വേദിയിൽ കാണികൾക്ക് മുന്നിൽ തത്സമയം അരങ്ങേറും.

Tags:    
News Summary - Madhyamam organized a soccer carnival as part of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.