മെഡിക്കൽ കോളജ് ആശുപത്രി ഉപകരണങ്ങൾക്ക് പരിപാലനമില്ല; അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുന്നത് വൻ തുക

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗനിർണയത്തിനായി ഉപയോഗിക്കുന്ന വിലയേറിയ ഉപകരണങ്ങൾക്ക് പരിചരണം നൽകാത്തതുമൂലം വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. വിലകൂടിയ ഉപകരണങ്ങൾ നിരന്തരം പണിമുടക്കുകയും അറ്റകുറ്റപ്പണി തീർത്ത് പ്രവർത്തനക്ഷമമാകുന്നതു വരെ രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതും സാധാരണ സംഭവമാണ്. ലക്ഷക്കണക്കിന് രൂപ വിലയുള്ള എം.ആർ.ഐ, സി.ടി, എക്സ്റെ, ഡി.എസ്.എ തുടങ്ങി അത്യാധുനിക മെഷീനുകൾ പ്രവർത്തിക്കുന്ന മുറികളിൽ നിശ്ചിത താപനില ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

എന്നാൽ, രോഗികളുടെ ക്രമാതീതമായ ബാഹുല്യം കാരണം പരിശോധനകളുടെ എണ്ണം വളരെ കൂടുകയും മിക്കവാറും മെഷീനുകൾ പൂർണ സമയം പ്രവർത്തിക്കേണ്ടതുമായ അവസ്ഥയാണ്. എയർ കണ്ടീഷണറുകളുടെ കൃത്യസമയത്തുള്ള മെയിൻറനൻസ്, റെഗുലർ സർവിസ്, റിപ്പയറിങ് എന്നീ ജോലികൾ നടത്താത്തതിനാൽ ഇവയുടെ പ്രവർത്തനം മുടങ്ങുകയും താപവ്യതിയാനം വരുകയും ചെയ്യുന്നു. നിയന്ത്രിത ഊഷ്മാവ് നിലനിർത്താൻ കഴിയാത്ത അവസ്ഥയിൽ കോടികൾ വിലയുള്ള മെഷീനുകൾ തകരാറിലാകുകയും ചെയ്യുന്നത് പതിവാകുകയാണ്.

മെഷീനുകൾ കേടായ വിവരം മാത്രമേ ഉത്തരവാദപ്പെട്ടവർ അറിയുന്നുള്ളു. അതിനുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയോ കുറ്റക്കാരായവർക്കെതിരെ നടപടികൾ സ്വീകരിക്കുകയോ ചെയ്യാത്തത് അനാസ്ഥ തുടരുന്നതിന് കാരണമാകുകയാണ്. മറ്റ് ആശുപത്രികളിലും ഇതേ വിഷയം ഉണ്ടെങ്കിലും മെഡിക്കൽ കോളജുകളെ അപേക്ഷിച്ച് തിരക്ക് കുറവായതിനാൽ യന്ത്രസാമഗ്രികൾക്ക് മികച്ച പരിചരണം ലഭിക്കുന്നുണ്ട്.

വിലയേറിയ അത്യാധുനിക മെഷീനുകൾ സ്ഥാപിക്കുന്ന കമ്പനികൾ തന്നെ മുറികളുടെ വലുപ്പത്തിനനുസരിച്ച് ഒന്നിലധികം എയർ കണ്ടീഷണറുകൾ സ്ഥാപിച്ച് ബന്ധപ്പെട്ടവരെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയാണ് പോകുന്നത്. എന്നാൽ നിരന്തര ഉപയോഗത്താൽ എയർ കണ്ടീഷണറുകൾ തകരാറിലായാൽ ഇലക്ട്രിക്കൽ മെയിൻറനൻസ് വിഭാഗം തിരിഞ്ഞു നോക്കാറില്ല. ഇവയുടെ സർവിസ്, റിപ്പയറിങ് എന്നിവ ചെയ്യേണ്ടത് കമ്പനിയുടെ ചുമതലയാണെന്ന് ഇവർ വാദിക്കുന്നു. മുൻകാല ബില്ലുകളടക്കം ഉള്ള പേമെൻറ് കുടിശ്ശികകളുടെ പേരിൽ കമ്പനികൾ യഥാസമയം ജീവനക്കാരെ അയക്കാറുമില്ല. ഇവയുടെ അറ്റകുറ്റപ്പണിക്ക് സർക്കാരിന് പിന്നീട് ലക്ഷങ്ങൾ കണ്ടെത്തേണ്ടതായും വരുന്നു. ഉപകരണങ്ങൾ കേടായതുമൂലം പരിശോധന ലഭ്യമാകാത്തതിനാൽ വൻതുക മുടക്കി സ്വകാര്യ ലാബുകളേയും സ്കാനിങ് സെൻററുകളെയും സമീപിക്കേണ്ട ഗതികേടിലാണ് രോഗികൾ.

Tags:    
News Summary - Medical college hospital equipment is not maintained; huge amount of money is spent on maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.