വി.പി.എ. അസീസ്: ഭൂപടം പോലൊരു മനസ്സ്

കോഴിക്കോട്: ആരും അറിയാതെ പത്രമാപ്പീസുകളിലെ ഡെസ്കിലൊടുങ്ങിപ്പോകുന്ന ചില ജീവിതങ്ങളുണ്ട്. അത്തരത്തിലൊരാളാണ് ബുധനാഴ്ച അന്തരിച്ച വി.പി.എ. അസീസ്. 1987ൽ ആരംഭിച്ച 'മാധ്യമം' ദിനപത്രത്തിന്റെ സവിശേഷതകളിലൊന്ന് സമ്പൂർണമായ അന്താരാഷ്ട്രീയം പേജായിരുന്നു. ആ പേജിന് ആദ്യ ദിവസം മുതൽ സവിശേഷസ്വഭാവം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ എഡിറ്റർ.

കോഴി ചിക്കിയിട്ടതുപോലെയുള്ള എഴുത്ത് എന്നു പറയാറില്ലേ, അതുതന്നെയായിരുന്നു അസീസിന്റെ കൈയക്ഷരം. എഴുതുന്ന വാർത്തകളുടെ ഒറിജിനൽ കോപ്പി അദ്ദേഹത്തിനു പുറമെ കോഴിക്കോട് ഡി.ടി.പി സെക്ഷനിലെ ഏതാനും ചില സഹപ്രവർത്തകർക്കു മാത്രമേ വായിക്കാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ, ആ വാർത്തകൾ വായനക്കാരെ ഭൂഗോളത്തിനുചുറ്റും കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി.

ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നുമുള്ള വിശേഷങ്ങൾ പെറുക്കിവെച്ച് ആ പേജിനെ ഗംഭീരമാക്കിയതിന്റെ, വായനാക്ഷമമാക്കിയതിന്റെ ക്രെഡിറ്റ് വി.പി.എ. അസീസ് എന്ന മാധ്യമപ്രവർത്തകനായിരുന്നു. ആഫ്രിക്കയും യൂറോപ്പും മധ്യേഷ്യയും ആർട്ടിക് മേഖലയുമെല്ലാം നാളിതുവരെ രാജ്യം വിട്ടുപോയിട്ടില്ലാത്ത (സ്വന്തമായി പാസ്പോർട്ട് പോലുമുണ്ടാവില്ല) ഈ മനുഷ്യന് ജന്മദേശത്തേക്കാൾ സൂക്ഷ്മമാംവിധം സുപരിചിതം.

ഇന്റർനെറ്റ് ഇന്നാട്ടിലെത്തുന്നതിനും വർഷങ്ങൾക്കുമുമ്പേ മാധ്യമപ്രവർത്തകരുടെയും ഗവേഷണവിദ്യാർഥികളുടെയും സെർച്ച് എൻജിനും വിക്കിപീഡിയയുമായിരുന്നു അദ്ദേഹം. അന്താരാഷ്ട്രീയമായിരുന്നു വൈദഗ്ധ്യമുള്ള മേഖലയെങ്കിലും കുട്ടികളുടെ പ്രസിദ്ധീകരണമായ 'മലർവാടി'യിൽ മുതൽ വിവിധങ്ങളായ സാംസ്കാരിക-മത-രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളിൽ വിവിധ തൂലികാനാമങ്ങളിൽ അദ്ദേഹം എഴുതിപ്പോന്നു. സംഗീതം, ശിൽപകല, സാഹിത്യം എന്നിങ്ങനെ ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി പറയാനും എഴുതാനുമുള്ള അറിവും ശേഷിയും അസീസിനുണ്ടായിരുന്നു. എഡിറ്റർമാർക്ക് ഒരു വാക്ക് വെട്ടിമാറ്റാനോ കൂട്ടിച്ചേർക്കാനോ ഇടമില്ലാത്തവിധം സമ്പൂർണമായിരുന്നു ഓരോ എഴുത്തും.

ഒന്നിനെ നൂറാക്കി പെരുപ്പിക്കുന്ന മാർക്കറ്റിങ് യുഗത്തിൽ നൂറിനെ ഒന്നാക്കിപോലും പറയാൻ അറിയില്ലായിരുന്നു എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദൗർബല്യം. പ്രതിഭയായിരുന്നു മാനദണ്ഡമെങ്കിൽ കേരളം മുഴുവൻ ഇഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകനാകേണ്ടിയിരുന്നു വി.പി.എ. അസീസ്. അദ്ദേഹം, അറിവിന്റെ പത്തിലൊന്നെങ്കിലും പുറത്തുകാണിച്ചിരുന്നുവെങ്കിൽ ഓരോ മലയാളിയും അറിയുന്ന രാഷ്ട്രാന്തരീയ വിദഗ്ധൻ ആകുമായിരുന്നു.

മാധ്യമമേഖലയിലെ പുതുതലമുറക്കാരെ എഴുതിച്ചും തിരുത്തിയും വഴികാട്ടിയ അദ്ദേഹം, ലേഖനമെഴുതുന്നവർക്കും പ്രഭാഷണങ്ങൾ നടത്തുന്നവർക്കും ആവശ്യമായ ഏതു വിവരം നൽകാനും സദാ സന്നദ്ധനായിരുന്നു. ഇംഗ്ലീഷിൽനിന്നും അറബിയിൽനിന്നും അനായാസം തർജമ ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വിദേശ വാർത്തകളുടെ പരിഭാഷയെക്കുറിച്ചോർത്ത് പരിഭ്രമിച്ചുനിൽക്കുന്ന തുടക്കക്കാരോട് ഇതിന് വലിയ അറിവൊന്നുമല്ല 'നേക്കാണ്' വേണ്ടത് എന്നുപറഞ്ഞ് ആത്മവിശ്വാസം പകർന്നിരുന്നു അസീസ്. കവിതയെയും സംഗീതത്തെയും സ്നേഹിച്ച, മികച്ച ഗസലുകൾ വിവർത്തനം ചെയ്തിരുന്ന അദ്ദേഹം അധ്യാപകനെന്ന നിലയിലും അഗ്രഗണ്യനായിരുന്നു. ഭൂഗോളത്തിന്റെ ഏതോ കോണിലെ അജ്ഞാതമായ ഏതോ ഗ്രാമങ്ങളെക്കുറിച്ച് വായിക്കുമ്പോൾ, ഗസലുകളിൽ പുതുതായൊരു വാക്ക് കേൾക്കുമ്പോൾ ഇനിയും അസീസിനെതന്നെയാവും പ്രിയപ്പെട്ടവർ ആദ്യം ഓർമിക്കുക.

മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, മീഡിയവൺ മാനേജിങ് എഡിറ്റർ യാസീൻ അശ്റഫ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, മുതിർന്ന മാധ്യമപ്രവർത്തകൻ ഒ. അബ്ദുല്ല, വി.എ. കബീർ, എ.പി. കുഞ്ഞാമു തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി. മയ്യിത്ത് നമസ്കാരത്തിനു മകൻ ഡോ. ബാസിത് നേതൃത്വം നൽകി. ബുധനാഴ്ച രാത്രി നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കുകൊണ്ടു.

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം മുൻ ന്യൂസ് എഡിറ്ററുമായ വി.പി.എ. അസീസിന്റെ നിര്യാണത്തിൽ സീനിയർ ജേണലിസ്റ്റ് യൂനിയൻ കോഴിക്കോട് ജില്ല കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡന്റ് എ.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. ഹരീന്ദ്രനാഥ്, എം. രാജേന്ദ്രൻ, കെ.കെ. പ്രവീൺ എന്നിവർ സംസാരിച്ചു.

Tags:    
News Summary - V. P. A. Aziz: A mind like a map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.