കോഴിക്കോട്: ആസൂത്രണമില്ലാത്തതിനാൽ കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി പട്ടികജാതി, പട്ടികവർഗ ഫണ്ടിനത്തിൽ നഷ്ടപ്പെടുത്തിയത് കോടികൾ. 2025-2026 വാർഷിക ബജറ്റിൽ വകയിരുത്തിയ 12 കോടിയോളം രൂപയാണ് മാർച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെ വിനിയോഗിക്കാതെ നഷ്ടപ്പെടാൻ പോകുന്നത്. ബജറ്റ് ചർച്ചക്കിടെ ജില്ല പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകൂടിയായ വൈസ് പ്രസിഡന്റ് കെ.കെ. നവാസ് കഴിഞ്ഞ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു.
ബജറ്റിൽ 17 കോടിയിൽപരം രൂപ വകയിരുത്തിയെങ്കിലും ഇതുവരെ 10.1 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. മാർച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെ പരമാവധി 20 ശതമാനം കൂടിയേ ചെലവഴിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അഞ്ചു കോടികൂടി മാത്രമേ വിനിയോഗിക്കാൻ കഴിയൂവെന്നാണ് അറിവ്. ശേഷിക്കുന്ന 12 കോടിയോളം രൂപ ലാപ്സാകാനാണ് സാധ്യത. വികസനമെത്താത്ത ഉന്നതികളും റോഡുകളും ജില്ലയിൽ നിലനിൽക്കെയാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആസൂതണവും ഏകോപനമില്ലാത്തതിനാൽ കോടികൾ ലാപ്സാകുന്നത്.
വീടും സ്ഥലവും ഇല്ലാത്ത നിരവധി പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ ജില്ലയിൽ ഉണ്ടായിരിക്കെ പശ്ചാത്തല സൗകര്യങ്ങൾക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും പദ്ധതികൾവിനിയോഗിക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് വിലയിരുത്തൽ. പട്ടികജാതി- വർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ പഠന മുറി, ലാപ്ടോപ് വിതരണം, സ്കോളർഷിപ് എന്നിവക്കെല്ലാം വിനിയോഗിക്കാമായിരുന്ന തുകയാണ് നഷ്ടമായത്. അടുത്ത തവണ പരമാവധി തുക വിനിയോഗിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട ഏകജാലക സംവിധാനം നപ്പാക്കുമെന്നും ഏതെല്ലാം പദ്ധതികൾക്ക് തുക വിനിയോഗിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥരുമായി മുൻകൂട്ടി ചർച്ചചെയ്ത് തുക നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുമെന്ന് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.