സംസ്ഥാന എക്‌സ് സര്‍വിസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ യുദ്ധസ്മാരക കവാടത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണ പരിപാടിയില്‍ ദീപം തെളിക്കുന്നു - photo പി. സന്ദീപ്
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി ചെയ്തു.
കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗ്ഗരേഖയും പ്രകാശനം ചെയ്തു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം, സർഗ്ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കും.
ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി 'സ്കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
ജില്ലാ കോർഡിനേറ്റർ കെ. മനോജ് കുമാർ, മാസ്റ്റർ ട്രെയിനർമാരായ ഇ.ടി. രമേഷൻ, എൻ.എം ആഘോഷ്, കെ.പി. നൗഫൽ, പി. അനുപമ, ജവാദ് അലി, പ്രസൂൺ മാധവ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. തുടർന്നുള്ള ശിൽപശാലകൾ 29, 30 തീയതികളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.