മാവൂർ റോഡിലെ നടപ്പാതയിൽ സ്വകാര്യ കമ്പനികളുടെ കേബിളുകൾ കാൽനടക്കാർക്ക് ഭീഷണിയായി തൂങ്ങിക്കിടക്കുന്നു
കോഴിക്കോട്: സ്വകാര്യകമ്പനികളുടെ കേബിളുകൾ കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണി ഉയർത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവുനില്ലെന്ന് പരാതി. ഓപ്റ്റിക്കൽ ഫൈബറുകളും ഇന്റർനെറ്റ് കേബിളുകളുമാണ് അപകടക്കുരുക്ക് തീർക്കുന്നത്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ജനങ്ങളുടെ ജീവന് പോലും ഭീഷണിയാവും വിധത്തിലാണ് വഴിയോരങ്ങളിൽ കേബിളുകൾ അലങ്കോലമായിക്കിടക്കുന്നത്. കോർപറേഷൻ പരിധിയിൽ ഈ ഭീഷണി കൂടുതലാണ്.
ഇതിനെതിരെ കൗൺസിൽ യോഗത്തിൽ പരാതി ഉയർന്നപ്പോൾ ബന്ധപ്പെട്ട കമ്പനികളുടെ യോഗം വിളിക്കണമെന്ന് മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നഗരത്തിൽ പോലും പ്രശ്നം ഭീഷണിയായി തൂങ്ങി നിൽക്കുകയാണ്. കോഴിക്കോട് നഗരത്തിൽ ഏറ്റവും തിരക്കേറിയ മാവൂർ റോഡിലെ നടപ്പാതയിൽ പോലും കേബിളുകൾ താഴ്ന്നും അലങ്കോലമായും കിടക്കുന്നു. ഇടറോഡുകളിൽ ഇത്തരം കേബിളുകൾ ഏറ്റവും ഭീഷണി ഉയർത്തുന്നത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ്. താഴ്ന്നുകിടക്കുന്ന കേബിൾ ഓട്ടത്തിനിടയിൽ കഴുത്തിൽ കുരുങ്ങി അത്യാഹിതത്തിനുള്ള സാധ്യത ഏറെയാണ്. ഇത്തരം സംഭവങ്ങൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. ആജീവനാന്തം മനുഷ്യരെ കിടക്കയിലാക്കാൻ ഇത്തരം അപകടങ്ങൾ കാരണമാവും.
പുതിയ കണക്ഷനുകൾ നൽകുമ്പോഴും അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും പഴയ കേബിളുകൾ നീക്കം ചെയാൻ കമ്പനികൾ തയാറാവുന്നില്ല. അവ ഇലക്ട്രിക് പോസ്റ്റുകളിൽ ചുരുട്ടിക്കെട്ടിവെക്കും. ഇതാണ് പിന്നീട് ജീവന് തന്നെ ഭീഷണിയായി മാറുന്നത്. പല കമ്പനികളും അനുമതിയില്ലാതെയാണ് കേബിളുകൾ വലിക്കുന്നത്. കെ.എസ്.ഇ.ബി പോസ്റ്റുകളിൽ അനധികൃത കേബിളുകൾ വലിച്ചുകെട്ടിയാലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
ഭൂഗർഭ കേബിൾ ലൈനുകൾക്കായി ‘യൂണിഫൈഡ് ഡക്ടിംഗ് സിസ്റ്റം’ നടപ്പിലാക്കുകയാണ് പരിഹാരം. ഉപയോഗത്തിലില്ലാത്ത കേബിളുകൾ നീക്കം ചെയ്യാൻ കമ്പനികൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ച് കേബിളുകൾ അലങ്കോലമായി ഇടുന്ന കമ്പനികൾക്കെതിരെ കനത്ത പിഴയും നടപടികളും സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.