ഷഫീഖ്
കോഴിക്കോട്: രണ്ടു ദിവസം മുമ്പ് ദാവൂദ് ഭായ് കപാസി റോഡിലെ സഹകരണ സംഘം ഓഫിസിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ചക്കുംകടവ് സ്വദേശി ആനമാട് പറമ്പിൽ ഷഫീഖിനെയാണ് (40) ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. പുതുവർഷദിവസം പുലർച്ചെ ഗുജറാത്തി സ്കൂളിനു സമീപത്തുനിന്നു മോഷ്ടിച്ച സ്കൂട്ടറിൽ പകൽ കറങ്ങി കവർച്ചക്കുള്ള സ്ഥലങ്ങൾ കണ്ടുവെച്ച് രാത്രിയാണ് മോഷണം നടത്തിയിരുന്നത്. ചൊവ്വാഴ്ച ഇയാൾ രാമനാട്ടുകരയിലെ സ്റ്റുഡിയോയിൽനിന്നു വിലകൂടിയ മൊബൈൽ ഫോൺ കവർന്നിരുന്നു.
ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പാളയം ബസ് സ്റ്റാൻഡിനടുത്തുനിന്ന് പ്രതി പിടിയിലായത്. കല്ലായ് ഗുഡ്സ് ഷെഡിനു സമീപത്തുള്ള രഹസ്യകേന്ദ്രത്തിൽ നിന്നു പ്രതി ഉപയോഗിച്ച സ്കൂട്ടർ പൊലീസ് കണ്ടെത്തി.
കവർന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗൺ എ.എസ്.ഐ മുഹമ്മദ് ഷബീർ, സീനിയർ സി.പി. സജേഷ് കുമാർ, സി.പി.ഒമാരായ ജിതേന്ദ്രൻ, ബിനുരാജ്, ശ്രീരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.