കോഴിക്കോട്: ജില്ലയുടെ പുഷ്പമായി അതിരാണിയെയും (മെലസ്ടൊമ മലബത്രികം), പക്ഷിയായി മേനിപ്പൊന്മാനെയും (സെയിക്സ് എരിതാക്ക) പ്രഖ്യാപിച്ചു. മലബാര്‍ റോസാണ് (പാച്ച്ലിയോപ്ട പാണ്ടിയാന) ജില്ലയുടെ ശലഭം. വൃക്ഷമായി ഈയ്യകത്തെയും (ഹോപ്പിയ ഇറോസ), പൈതൃക വൃക്ഷമായി ഈന്തിനെയും (സയ്ക്കാസ് സിര്‍സിനാലിസ്), ജലജീവിയായി നീര്നായെയും (ലുട്റോഗാലെ പെര്‍സ്പിസില്ലാറ്റ), മത്സ്യമായി പാതാള പൂന്താരകനെയും (പാന്‍ചിയോ ഭൂചിയ), മൃഗമായി ഈനാംപേച്ചിയെയും (മാനിസ് ക്രാസികൗഡാറ്റ) പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനമാണ് കോഴിക്കോട് നടന്നത്. ശാസ്ത്രീയവും നിയമപരവുമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡാണ് അന്തിമ പട്ടിക തയാറാക്കിയത്. ശുദ്ധജലവും ഭക്ഷണവും ആരോഗ്യകരമായ ജീവിതാന്തരീക്ഷവും ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമങ്ങളിലൂടെ സാധിക്കണമെന്ന് പ്രഖ്യാപന ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. നാമനിര്ദേശകങ്ങളുടെയും ജില്ല സ്പീഷീസുകളുടെയും വിഡിയോ പ്രദര്‍ശനവും നടന്നു. വിദഗ്ധ സമിതി അംഗങ്ങളെയും ലോഗോ ഡിസൈന്‍ ചെയ്തവരെയും എസ്.ബി.സി വിജയികളെയും ചടങ്ങില്‍ ആദരിച്ചു.
കോഴിക്കോട് സമുദ്ര കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍കോവില്‍ എം.എൽ.എ, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് സ്വാഗതവും ജില്ല കോഓഡിനേറ്റര്‍ ഡോ. കെ.പി. മഞ്ജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.