ഫാറൂഖ് കോളജ്‌-വാഴക്കാട് റോഡിൽ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ച നിലയിൽ

ചൊവ്വാഴ്ച റോഡ് ടാറിങ്, വ്യാഴാഴ്ച വെട്ടിപ്പൊളി; ആഹാ അന്തസ്സ്!

കാരാട് (കോഴിക്കോട്): മാസങ്ങളോളം റോഡ് പ്രവൃത്തിയുടെ ദുരിതം സഹിച്ച്, രണ്ടുദിവസം മുമ്പ് ടാറിങ് നടത്തിയ റോഡ് രണ്ടാം നാൾ ജലപദ്ധതിക്കായി വെട്ടിപ്പൊളിച്ചു.

ഫാറൂഖ് കോളജ് - വാഴക്കാട് റോഡിൽ കാരാട് സ്ഥാനാർഥിപ്പടിക്ക് സമീപമാണ് നടുറോഡിൽ കുത്തിപ്പൊളിച്ചത്. നിരവധി തവണ വെട്ടിപ്പൊളിച്ച റോഡ് നാട്ടുകാരുടെ ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് മാസങ്ങൾക്കുമുമ്പ് പ്രവൃത്തി തുടങ്ങിയത്. പല തവണ പാതിവഴിയിൽ നിർത്തിയ പ്രവൃത്തി നീണ്ടുപോയത് ജലവിതരണ പൈപ്പ് ലൈൻ പൂർത്തിയാക്കാത്തതിന്റെ പേരിലാണ്.

പൊടിശല്യവും ഗതാഗതക്കുരുക്കുമായി ജനം സഹികെട്ടതോടെ നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഒരാഴ്ച മുമ്പ് ടാറിങ് തുടങ്ങിയത്. മഴ പെയ്തതോടെ ടാറിങ് മുടങ്ങിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ടാറിങ് പുനരാരംഭിച്ച ഭാഗത്താണ് വ്യാഴാഴ്ച രാവിലെ ജലവിതരണ പദ്ധതിയുടെ കരാറുകാരെത്തി നടുറോഡിൽ വലിയ താഴ്ചയിൽ മണ്ണുമാന്തി ഉപയോഗിച്ച് ചാലെടുത്തത്. റോഡ് വെട്ടിപ്പൊളിച്ച നടപടിക്കെതിരെ ജനരോഷമുയർന്നിട്ടുണ്ട്.

ഗുണമേന്മയില്ലാത്ത പൈപ്പുകളാണ് ജലവിതരണത്തിനായി ഉപയോഗിച്ചതെന്ന് നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു. കുടിവെള്ളവിതരണം പൂർണതോതിൽ തുടങ്ങിയാൽ മിക്ക സ്ഥലത്തും ചോർച്ചയുണ്ടാവുമെന്ന ആശങ്കയുമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എൻ.സി.പി പ്രവർത്തകർ ധർണ നടത്തി. ജില്ല സെക്രട്ടറി പി.കെ.എം ഹിബത്തുല്ല ഉദ്ഘാടനം ചെയ്തു. വി. വേണുഗോപാൽ, എ. അജയകുമാർ, പി. മൊയ്തീൻ കുട്ടി, പി.കെ. അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - The road demolished on the second day of tarring for a water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.