കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാവാത്തതടക്കമുള്ള പ്രശ്നങ്ങൾ പി.എസ്.സി പരീക്ഷയെഴുതി റാങ്ക് പട്ടികയിലിടം നേടിയ നിരവധി ഉദ്യോഗാർഥികളുടെ ജോലിയെന്ന സ്വപ്നത്തിനുമേൽ കരിനിഴലായി. ജില്ലയിലെ ഹിന്ദി ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ 277/2017) റാങ്ക് പട്ടികയിലുൾപ്പെട്ടവരാണ് ആശങ്കയിലുള്ളത്. റാങ്ക് പട്ടിക കാലാവധി ഡിസംബറിൽ അവസാനിക്കുന്നതാണ് വെല്ലുവിളി.
സ്കൂൾ തുറന്ന് വിദ്യാർഥികളുടെ 'തലയെണ്ണു'ന്നതിനു പിന്നാലെയാണ് സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൊതുവെ പൂർത്തിയാവാറ്. എന്നാൽ, ഇത്തവണ ജൂൺ 30നും നടപടി പൂർത്തിയാവാത്തതോടെ ചില ഉദ്യോഗാർഥികൾ വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ ജൂലൈ 31നുള്ളിൽ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാക്കാൻ ഹൈകോടതി നിർദേശിച്ചു.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാർ ആഗസ്റ്റ് 31വരെ സമയം വേണമെന്നാവശ്യപ്പെടുകയും കോടതി ഇതംഗീകരിക്കുകയുമായിരുന്നു. എന്നാൽ, ഒക്ടോബർ കഴിഞ്ഞിട്ടും സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയായിട്ടില്ല. ഡി.ഡി.ഇ ഓഫിസ് അധികൃതർ നേരിട്ട് സ്കൂളിൽ പോയി പരിശോധന നടത്തണമെന്നതാണ് ചട്ടം. ഇതാണ് കാലതാമസമുണ്ടാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ അധിക തസ്തികയിലേക്ക് നവംബർ ഒന്നുമുതൽ നിയമനം നടത്താമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നുവെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ഉത്തരവിന് തടസ്സമെന്നാണ് വിവരം.
ഹിന്ദി ലാംഗ്വേജ് ടീച്ചർ പരീക്ഷയുടെ റാങ്ക് പട്ടിക 2019 ഡിസംബറിലാണ് നിലവിൽവന്നത്. ഈ പട്ടികയിൽനിന്ന് സംവരണ വിഭാഗങ്ങളിൽനിന്നുള്ള പലർക്കും നേരത്തെ നിയമനം ലഭിച്ചെങ്കിലും ജനറൽ കാറ്റഗറിയിൽ വരുന്നവരിലേറെയും നിയമനം കാത്തുനിൽക്കുകയാണ്.
പട്ടികയുടെ കാലാവധി ഡിസംബറിൽ പൂർത്തിയാവുമെന്നതാണ് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നത്. സ്റ്റാഫ് ഫിക്സേഷൻ നേരത്തെ പൂർത്തിയായിരുന്നുവെങ്കിൽ തങ്ങൾ ഇതിനകം ജോലിയിൽ പ്രവേശിച്ചിട്ടുണ്ടാവുമായിരുന്നു എന്നാണ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പറയുന്നത്. പട്ടിക റദ്ദാവുന്നതോടെ നിയമനപ്രതീക്ഷ അസ്തമിക്കും എന്നുമാത്രമല്ല, പലർക്കും പ്രായക്കൂടുതലുള്ളതിനാൽ ഇനി പരീക്ഷ എഴുതാനുമാവില്ല.
ഈ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിമാരടക്കമുള്ളവർക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിവേദനങ്ങൾ നൽകിയെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. ജില്ലയിൽ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയായിട്ടില്ലെന്നും സ്കൂളിൽ ഒരു ഡിവിഷൻ കൂടി ആരംഭിക്കാൻ മാത്രം കുട്ടികളുണ്ടെന്ന് ബോധ്യമായാൽ അവർക്കുവേണ്ട അടിസ്ഥാനസൗകര്യം, അതിന് ഫിറ്റ്നസ് എന്നിവയടക്കമുള്ള നടപടികൾക്കുശേഷം മാത്രമാണ് നിലവിൽ ഒഴിവുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഡി.ഡി.ഇ മനോജ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.