കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ പുത്തലത്തുപറമ്പ് വെള്ളാരംപാറ മലയിലെ അനധികൃത പാറഖനനം

വെള്ളാരംപാറ മലയിലെ പാറഖനനം ഉടൻ നിർത്തണമെന്ന് പ്രദേശവാസികൾ

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പന്നൂർ പുത്തലത്തുപറമ്പ് വെള്ളാരംപാറ മലയിൽ ജനങ്ങൾക്ക് ഭീഷണിയായി നടക്കുന്ന പാറഖനനം ഉടൻ നിർത്തലാക്കണമെന്ന് പ്രദേശവാസികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സമീപത്തെ പന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾക്കും വെള്ളാരംപാറ ഉന്നതിയിലെ എൺപതോളം വീടുകൾക്കും ശ്മശാനത്തിനും കുടിവെള്ളടാങ്കിനും ഖനനം ഭീഷണിയാണ്. പുത്തലത്തുപറമ്പ്, മറി വീട്ടിൽത്താഴം, പൂവ്വതൊടുക, കണ്ടിയിൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പാറ പൊട്ടിക്കുന്ന ശബ്ദവും രൂക്ഷമായ പൊടിശല്യവും ആശങ്കയുണ്ടാക്കുന്നു.

ദുർബലമായ മലയുടെ മുകൾഭാഗത്തെ പാറയിടിച്ച് നിരത്തുന്നതുമൂലം മഴക്കാലത്ത് പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയേറെയാണ്. കെട്ടിടം നിർമിക്കാൻ മണ്ണ് നീക്കം ചെയ്യാനെന്ന പേരിൽ അനുമതി വാങ്ങി വ്യാപകമായി പാറ പൊട്ടിച്ച് ലോഡുകണക്കിന് കരിങ്കല്ലാണ് ഓരോ ദിവസവും പ്രദേശത്തുനിന്ന് കടത്തുന്നതെന്നും ഖനനാനുമതി ഇല്ലാതെയാണ് ക്വാറിക്ക് സമാനമായ പ്രവർത്തനം നടത്തുന്നതെന്നും ഇവർ ആരോപിച്ചു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് മല തുരന്നുള്ള പാറ ഖനനം അടിയ ന്തരമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വിദ്യാഭ്യാസമന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽ കിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പത്രസമ്മേളന ത്തിൽ ഗ്രാമപഞ്ചായത്തംഗവും പ്രദേശവാസിയുമായ വി.എം. മനോജ്, വി. മജീദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Locals demand immediate halt to rock mining in Vellarampara Hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.