മുക്കം: സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനുമുള്ള ആഗോള ദിനമായ
അന്താരാഷ്ട്ര വനിത ദിനം കൂടി കടന്നുവരുമ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിലും വനിതകൾ അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു.
മുക്കം നഗരസഭയിൽ ഇത്തവണ സമസ്തമേഖലയെയും നയിക്കുന്നത് ഒരുകൂട്ടം വനിതകളാണെന്ന പ്രത്യേകതയുമുണ്ട് ഈ വനിതദിനത്തിൽ.
നഗരസഭ ചെയർപേഴ്സൻ അഡ്വ.കെ.പി. ചാന്ദ്നി ഭരണസാരഥ്യമരുളുമ്പോൾ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റികളിൽ മൂന്നിന്റെയും അധ്യക്ഷസ്ഥാനവും വനിതകൾക്കാണ്.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മനീഷ ഉള്ളാട്ടിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഭാവന വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ.പി ബിന്ദു എന്നിവർ കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. ആകെയുള്ള 34 കൗൺസിലർമാരിൽ 18 പേരും വനിതകളാണ്.
ഇതിനെല്ലാം പുറമെ വിവിധ വകുപ്പ് മേധാവികളായ മുക്കം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. രൂപ, കൃഷി ഓഫിസർ ടിൻസി ടോം, വെറ്ററിനറി മെഡിക്കൽ ഓഫിസർ മൃദുല, ഹോമിയോ ഡോക്ർ ബിജി, ആയുർവേദ ഓഫിസർമാരായ ഡോ. ഷമീഗ, വെൽനെസ് സെൻററുകളിലെ ഡോക്ടർ അഞ്ജു, ധനിഷ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫർസാന, നഗരസഭ എൻജിനീയർ സഫീദ , ഡെയറി എക്സ്റ്റൻഷൻ ഓഫിസർ ഫിദ, വിദ്യാഭ്യാസ നിർവഹണ ഓഫിസർ എം.കെ. ഫസീല എന്നിവരും വനിതകളാണ്.
വനിത ദിനാചരണത്തിന്റെ ഭാഗമായി നാളെ മുക്കത്ത് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചതായി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി പറഞ്ഞു.
ജില്ല വനിത-ശിശുവികസന ഓഫിസർ സബീന മുഖ്യാതിഥിയാവും. നിയമ ക്ലാസിന് അഡ്വ. ജാസ്മിൻ നേതൃത്വം നൽകും. ഹരിതകർമ സേനാംഗങ്ങൾ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപർമാർ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.