വേങ്ങേരി കാർഷിക വിപണന കേന്ദ്രം
കോഴിക്കോട്: പുതിയ സർക്കാറും കോഴിക്കോട്ടുകാരനായ ടി. സിദ്ദീഖ് കൃഷിമന്ത്രിയായി അധികാരമേറ്റതോടെ വർഷങ്ങളായി ‘മഞ്ഞളിപ്പ്’ ബാധിച്ച് മുരടപ്പിൽ നീങ്ങുന്ന വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിന് പ്രത്യാശ. കാർഷിക ഉത്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക, കാർഷിക ഉൽപന്നങ്ങളെ പൊതു ബ്രാൻഡിൽ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ വർഷങ്ങൾക്ക് മുമ്പ് അമ്പതേക്കറോളം സ്ഥലത്ത് സ്ഥാപിച്ച കേന്ദ്രമാണ് പിടിപ്പുകേടിൽ കൃഷിക്കും കർഷകർക്കും വലിയ പ്രയോജനങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നത്.
കാൽനൂറ്റാണ്ട് മുമ്പ് 28 ഏക്കറോളം സ്ഥലത്ത് പ്രവർത്തനമാരംഭിച്ച കേന്ദ്രത്തിൽ പ്രതാപകാലത്ത് വൻ തിരക്കും കൃഷി പ്രോത്സാഹന പ്രവർത്തനങ്ങളും നൂറ്റിപ്പത്തോളം കടകളിൽ ആളനക്കവും ഉണ്ടായിരുന്നു. വികസനം ഊർജിതമാക്കാനെന്നപേരിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)ക്ക് കീഴിലായതോടെ വിപണന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സാങ്കേതിക കുരുക്കിലുമായി. ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട് വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിങ് ആൻഡ് മാർക്കറ്റിങ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട് കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിങ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവ അടിസ്ഥാന യൂനിറ്റുകളായി രൂപവത്കരിച്ച കാബ്കോ കർഷകർക്കും കൃഷിക്കും ഏറെ ഉപകാരപ്പെടുമെന്ന ആശയത്തിലാണ് രൂപവത്കരിച്ചത്. സംസ്ഥാനത്തെ കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപവത്കരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മൂൻ മന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് മോഡലായാണ് കാബ്കോ രൂപവത്കരിച്ചത്.
കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യുന്നതിനും കാർഷികോൽപാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, തുടങ്ങിയിടത്തു നിന്നു കേന്ദ്രം പിന്നോട്ടാണ് പോയതെന്ന് കേന്ദ്രത്തിലെ വ്യാപാരികളും കർഷകരും പറയുന്നു. കേരളത്തിന്റെ കാർഷിക ഉൽപന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങിൽ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും വേങ്ങേരി കേന്ദ്രീകരിച്ച് ഒന്നും നടന്നില്ലെന്നാണ് ആരോപണം. നൂറ്റിപ്പത്തോളം കടകളിൽ ഭൂരിഭാഗവും ഗോഡൗണുകളായി മാറിക്കഴിഞ്ഞു. ഇതുമൂലം ജനങ്ങൾ കാർഷിക വിപണകേന്ദ്രത്തിൽനിന്ന് അകന്നു. മുൻകാലങ്ങളിൽ രാവിലെയും വൈകീട്ടും വൻതിരക്കുണ്ടായ സ്ഥലമാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. പല ഭാഗത്തും കാടുപിടിച്ച നിലയിലാണ്. കേന്ദ്രത്തിനുള്ളിലെ റോഡുകൾ തകർന്നനിലയിലാണ്.
ദേശീയ-അന്തർ ദേശീയ കയറ്റുമതിക്ക് കർഷകരെ കമ്പനി പ്രാപ്തരാക്കുമെന്നതും വെറും പ്രഖ്യാപനമായി. സംസ്ഥാന സർക്കാറിന്റെ 33 ശതമാനം ഓഹരി വിഹിതവും കർഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കർഷക കൂട്ടായ്മകൾ കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാർഷിക സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും നിജപ്പെടുത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി മാതൃകയിലാണ് കാബ്കോ പ്രവർത്തിക്കുകയെന്നാണ് പറഞ്ഞത്. കാർഷിക സംസ്ക്കരണത്തിനുതകുന്ന യന്ത്രസാമഗ്രികളുടെ സംഭരണത്തിനും സ്ഥാപനത്തിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കാബ്കോ മധ്യസ്ഥം വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, കാബ്കോയുടെ ഗുണം ലഭിച്ചില്ലെന്നുമാത്രമല്ല മുമ്പ് കൃഷിവകുപ്പിന് കീഴിലായിരുന്നപ്പോൾ അഗ്രോ പാർക്കുകൾക്ക് ലഭിച്ച ആനുകൂല്യങ്ങളും ഇല്ലാതായ അവസ്ഥയാണ്. കാർഷിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും കാർഷികോൽപാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവുമെന്നാണ് അവകാശപ്പെട്ടതെങ്കിലും ഒന്നുമുണ്ടായില്ലെന്ന് വ്യാപാരി നാരായണൻ കൽപകശ്ശേരി പറഞ്ഞു. അഗ്രോ പാർക്കുകൾ ഏറ്റെടുക്കുന്നതിലുള്ള സാങ്കേതിക കുരുക്കാണ് കാബ്കോയുടെ പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.