സംസ്ഥാന പാതയിൽ രാത്രി അറ്റകുറ്റപണി നടത്തുന്നു
മുക്കം: കിലോമീറ്ററിന് 4 കോടിയിലധികം രൂപ മുടക്കി പ്രവൃത്തി പൂർത്തീകരിച്ച കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ യാത്രക്കാരുടെ കണ്ണിൽ പൊടിയിടാനായി അധികൃതരുടെ പൊടിക്കൈ പ്രയോഗം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓടത്തെരുവ് ഭാഗത്താണ് റോഡ് താഴ്ന്ന സ്ഥലങ്ങളിൽ റീ ടാറിങ് നടത്തിയത്. കഴിഞ്ഞ ദിവസം ഗോതമ്പറോഡിൽ പ്രവൃത്തി നടത്തുമ്പോൾ നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. അതിനിടെ സംസ്ഥാനപാതയിലെ നിർമാണ തകരാറുകൾ കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി -കെ.എസ്.ടി.പി ഡിവിഷന് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമീഷൻ പറഞ്ഞിരുന്നു.
കരാർ കമ്പനിയുമായി ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ കൃത്യമായി പ്രാബല്യത്തിൽ കൊണ്ടുവന്ന് റോഡിലും അനുബന്ധ സൗകര്യങ്ങളിലുമുണ്ടായിട്ടുള്ള എല്ലാ അപാകതകളും നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടുകയും നിർദേശങ്ങൾ കമ്പനി പാലിച്ചില്ലെങ്കിൽ കരാറിലെ പിഴ, ഡിഫോൾട്ട്, കരിമ്പട്ടികയിൽപ്പെടുത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദ്ദേശവും നൽകിയിരുന്നു.
അപകടസാധ്യത ഒഴിവാക്കാനായി അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ, കെ.എസ്.ടി.പി. പ്രോജക്റ്റ് ഡയറക്ടർ, പി.ഡബ്ല്യു.ഡി കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു
അതേസമയം, വലിയ തോതിൽ റോഡ് താഴ്ന്ന കറുത്ത പറമ്പ്, മുക്കം പാലത്തിന് സമീപം, അഗസ്ത്യൻ മുഴി പാലത്തിന് സമീപം എന്നിവിടങ്ങളിൽ റീ ടാറിങ് നടത്താൻ തയാറായിട്ടില്ല. ഇത് മാസങ്ങളായങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം റോഡിൽ തീർത്തും അശാസ്ത്രീയമായി പ്രവൃത്തി നടത്തിയത്.
താഴ്ന്ന ഭാഗം പൊളിച്ചുമാറ്റാതെ മുകളിൾ ടാറൊഴിച്ച് പ്രവൃത്തി നടത്തുകയായിരുന്നു. അശാസ്ത്രീയമായ നിർമാണമാണ് റോഡിന്റെ ഈ അവസ്ഥക്ക് പ്രധാന കാരണം. ഓമശ്ശേരിക്കും എരഞ്ഞിമാവിനുമിടയിലുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്. മുക്കം ടൗണിൽ സിഗ്നലിന് സമീപം, കറുത്ത പറമ്പ്, ഓമശ്ശേരി ടൗൺ, കാപ്പുമല വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാത്രക്കാർക്ക് വലിയ ദുരിതമാണ്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് മുന്നിൽ നേരത്തെ 500 മീറ്ററോളം ഭാഗം താഴ്ന്ന് പോയിരുന്നു. ഇത് പിന്നീട് പരിഹരിച്ചങ്കിലും ചില സ്ഥലങ്ങളിൽ റോഡ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.
റോഡ് പ്രവൃത്തിക്കെതിരെ നേരത്തേയും നിരവധി പരാതികൾ ഉയർന്നിരുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്. ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനർനിർമാണം നടക്കുകയെന്നും ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.