ഓപ്പറേഷൻ ഹൈഡ്ഔട്ട് ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ കേരള സർക്കാറും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തുന്ന ഓപറേഷൻ തണ്ടറിന്റെ ഭാഗമായി ‘ഓപറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ വിവിധ ലോഡ്ജുകളിൽ എക്സൈസ് സംഘം പരിശോധന നടത്തി. ജൂലൈ 9ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ലോഡ്ജുകളിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആഭ്യന്തര വകുപ്പും സംസ്ഥാന പൊലീസ് സേനയും സംയുക്തമായി നടത്തുന്ന ഓപറേഷൻ തൂഫാനിന് മുമ്പ് സംസ്ഥാന സർക്കാറും എക്സൈസ് വകുപ്പും ലഹരി ശൃംഖലകൾക്കെതിരെ ആരംഭിച്ച പരിശോധനയാണ് ഓപ്പറേഷൻ തണ്ടർ. സംസ്ഥാനത്ത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിങ്ങും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി ലിസ്റ്റ് ചെയ്ത ലോഡ്ജുകളിലാണ് എക്സൈസ് വകുപ്പ് പരിശോധന നടത്തിയത്. തുടർന്ന്, കോഴിക്കോട് ജില്ലയിൽ 18 ലോഡ്ജുകൾ പരിശോധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ എക്സൈസ് ഇൻസ്പെക്ടർമാരുടെയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
എക്സൈസ് കമീഷണർ സീറം സാംബശിവ റാവു ഐ.എ.എസിന്റെ നിർദേശപ്രകാരം നടന്ന പരിശോധനക്ക് ഇൻറലിജൻസ് അസിസ്റ്റൻറ് എക്സൈസ് കമീഷണർ എച്ച്. നൂറുദ്ദീൻ, എക്സെസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഹിരോഷ്, അശ്വിൻകുമാർ, ശ്രീധരൻ, എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രഹ്ളാദൻ, വിവിൻ, റെജി എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.