പിടിയിലായ ഷമീർ എന്ന ആടുഷമീർ, ഡേവിഡ് അലക്സ്, വിഷ്ണു, ജാസ് മോൻ

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച നാലുപേർ റിമാൻഡിൽ

മാവൂർ: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പിടിയിലായ നാലു പ്രതികളെ റിമാൻഡ് ചെയ്തു. പിടികൂടാനെത്തിയ പൊലീസിനെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘാംഗങ്ങളെയാണ് റിമാൻഡ് ചെയ്തത്. ഒറ്റപ്പാലം കണ്ണിയംപുറം ജെ.കെ നഗർ ചാത്തൻപിലാക്കൽ വിഷ്ണു എന്ന സൽമാൻ (28), കാസർകോട് ഭീമനടി ചിറ്റാരിക്കൽ ഷമീർ എന്ന ആട് ഷമീർ (36), കൊല്ലം കൊട്ടാരക്കര സ്വദേശി പെരുവയലിൽ സ്വകാര്യ വില്ലയിൽ താമസിക്കുന്ന ഡേവിഡ് കാർമൽ അലക്സ് (38), മാവൂർ കുതിരാടം കോഞാലിക്കോട്ട് ജാസ് മോൻ (32) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഡേവിഡിനെയും ജാസ്മോനെയും കുന്ദമംഗലം കോടതിയും ഷമീറിനെയും വിഷ്ണുവിനെയും പാലക്കാട്ടെ കോടതിയുമാണ് റിമാൻഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ പെരുവയലിലെ സ്വകാര്യ വില്ലയിൽവെച്ചാണ് ഇവരെ പിടികൂടിയത്. 2025 ഡിസംബർ ആറിന് പാലക്കാട് പട്ടാമ്പിയിൽ വെച്ച് പ്രവാസി വ്യവസായി മലപ്പുറം വണ്ടൂർ വലിയ പീടിയേക്കൽ മുഹമ്മദലിയെന്ന ആലുങ്ങൽ മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയി 70 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പാലക്കാട് എസ്.ഐ.ടി അംഗങ്ങൾ പെരുവയലിലെ കൊടശ്ശേരിതാഴത്തുള്ള സ്വകാര്യ വില്ലയിൽ എത്തിയത്. പ്രതികൾ പന്നിപ്പടക്കം എറിഞ്ഞും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഘർഷത്തിൽ എ.എസ്.ഐ പി. അബ്ദുൽ റഷീദ്, പൊലീസുകാരായ കമൽ, നൗഷാദ് ഖാൻ, ഷൻഫീർ എന്നിവർക്കും പ്രതികൾക്കും പരിക്കേറ്റിരുന്നു.

പ്രതികൾ ഈ വില്ലയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി സംഘമെത്തിയത്. പൊലീസാണെന്ന് മനസ്സിലായതോടെ പൊലീസിനുനേരെ പന്നിപ്പടക്കം എറിയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്ഫോടനത്തിൽ നാല് എസ്.ഐ.ടി അംഗങ്ങൾക്ക് പരിക്കും പൊള്ളലുമേറ്റു. വിവരമറിയിച്ചതനുസരിച്ച് മാവൂർ, കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പ്രതികളിൽനിന്ന് തിരനിറച്ച രണ്ടു പിസ്റ്റളുകൾ, ഒരു എയർഗൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സാബുമോന്റെ കുതിരാടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു വടിവാളുകളും ഒരു നഞ്ചക്കും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്നു മാസങ്ങൾക്ക് മുമ്പ് ഡേവിഡാണ് ഭാര്യ സമേതം ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. ഭാര്യ സ്വന്തം വീട്ടിൽ പോയശേഷം പലപ്പോഴായി മറ്റു പ്രതികളും ഇവിടെയെത്തി താമസിക്കാറുണ്ട്. തുടർന്ന് ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മറ്റു നാലുപേർ ഇവിടെ എത്തിയത്. നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ നാലു പേരും. പൊലീസിനെ ആക്രമിക്കൽ, ജോലി തടസ്സപ്പെടുത്തൽ, ബോംബെറിയൽ, സ്ഫോടക വസ്തു നിർമാണം, ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുണ്ട നിയമപ്രകാരം നടപടി നേരിട്ട ഷമീറിനെതിരെ 20ൽപരം കേസുകളും വിഷ്ണുവിനെതിരെ ഏഴു കേസുകളും നിലവിലുണ്ട്.

Tags:    
News Summary - Abroad businessman kidnapped; Four men remanded for attacking police who arrived to arrest the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.