കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ വഴിയിലൂടെ കൈകൾ കുത്തി നിരങ്ങി നീങ്ങി വീട്ടിലേക്ക് പോകുന്ന സുലൈമാൻ
കൊടുവള്ളി: അധികാരികളുടെ കൺതുറക്കാൻ ഇനിയെത്ര കാലം മണ്ണിൽ നിരങ്ങണം?. കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ പുതുശ്ശേരി ചാലിൽ സുലൈമാൻ (60) എന്ന ഭിന്നശേഷിക്കാരന്റെ ജീവിതം ഈ ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. ഒരു നാട് മുഴുവൻ വികസനത്തിന്റെ പാതയിലൂടെ കുതിക്കുമ്പോഴും, ഈ 60കാരന് സ്വന്തം വീട്ടിലെത്താൻ ഇന്നും കല്ലും മുള്ളും നിറഞ്ഞ ദുരിതവഴികളിലൂടെ നിരങ്ങി നീങ്ങേണ്ടി വരുന്നു.
ചെറുപ്പത്തിൽ ബാധിച്ച പോളിയോ രോഗമാണ് സുലൈമാന്റെ അരക്ക് താഴോട്ടുള്ള ഭാഗത്തിന്റെ ചലനശേഷി കവർന്നത്. സുലൈമാന്റെ അവസ്ഥ മനസ്സിലാക്കി കിഴക്കോത്ത് പഞ്ചായത്ത് അധികൃതർ ഇദ്ദേഹത്തിന് ഒരു മുച്ചക്ര വാഹനം അനുവദിച്ചിരുന്നു. എന്നാൽ, വാഹനമുണ്ടായിട്ടും അത് വീട്ടുപടിയോളം എത്തിക്കാൻ വഴിയില്ലെന്നതാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ സങ്കടം. കഴിഞ്ഞ 30 വർഷമായി സുലൈമാനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഈ വീട്ടിലാണ് താമസം. പൊതു റോഡിൽ നിന്ന് ഏകദേശം 200 മീറ്റർ സഞ്ചരിച്ചാലേ സുലൈമാന്റെ വീട്ടിലെത്താൻ സാധിക്കൂ. ഇതിൽ ആദ്യത്തെ 100 മീറ്റർ ദൂരം സ്വകാര്യ വ്യക്തികൾ നിർമിച്ച റോഡാണ്. എന്നാൽ, ബാക്കി വരുന്ന 100 മീറ്റർ ദൂരം വലിയ ഉയരമുള്ള കല്ലുകളും കാട്ടുചെടികളും നിറഞ്ഞ കുത്തനെയുള്ള പടവുകളാണ്.
ഈ ദുർഘടമായ പാതയിലൂടെ കൈകൾ നിലത്തൂന്നി, ശരീരം മണ്ണിൽ നിരക്കിയാണ് ഈ 60കാരൻ യാത്ര ചെയ്യുന്നത്. മഴക്കാലമായാൽ ഈ വഴിയിലൂടെയുള്ള യാത്ര പൂർണമായും ദുസ്സഹമാകും. വീൽചെയറോ മുച്ചക്ര വാഹനമോ കടന്നുപോകാൻ തക്കവണ്ണം സമീപത്തെ സ്ഥലം ഏറ്റെടുത്ത് ഒരു വഴിയൊരുക്കണമെന്നാണ് സുലൈമാന്റെയും കുടുംബത്തിന്റെയും ഏക ആവശ്യം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സുലൈമാന്റെ കുടുംബത്തിന് നിലവിൽ കാര്യമായ വരുമാന മാർഗമില്ല. ചികിത്സ ചെലവുകൾക്ക് പോലും മറ്റുള്ളവരുടെ കാരുണ്യം തേടേണ്ട അവസ്ഥയിലാണ്. ഇതിനിടയിലാണ് വീടിന് മുന്നിലെ ഈ ദുരിതവഴി സുലൈമാനെ പൂർണമായും വീടിനുള്ളിൽ തളച്ചിടുന്നത്. രോഗാവസ്ഥകളിൽ ആശുപത്രിയിൽ പോകണമെങ്കിൽ പോലും മറ്റുള്ളവർ താങ്ങിപ്പിടിച്ച് റോഡിലെത്തിക്കേണ്ട അവസ്ഥയാണ്.
അതേസമയം, സുലൈമാന്റെ ദുരിതാവസ്ഥക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ഒന്നാം വാർഡ് മെംബമ്പർ വി.എം. മനോജ് പറഞ്ഞു. സമീപവാസികളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കി, സുലൈമാന് മുച്ചക്ര വാഹനവുമായി വീട്ടിലെത്താൻ തക്കവണ്ണം വഴി വെട്ടിത്തെളിക്കാനുള്ള ആലോചന നടന്നു വരികയാണെന്നും, വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക-പാലിയേറ്റീവ് പ്രവർത്തകരും ജനപ്രതിനിധികളും ഇടപെട്ട് ഈ നിർധന കുടുംബത്തിന്റെ വഴിപ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.