പിടിച്ചെടുത്ത ഹാൻസ് പാക്കറ്റുകളുമായി പ്രതി മുസ്തഫ അന്വേഷണ സംഘത്തോടൊപ്പം
കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി ശനിയാഴ്ച നടത്തിയ വ്യാപക പരിശോധനയിൽ ഒരൊറ്റ ദിവസം കൊണ്ട് 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 58 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി, ഡെപ്യൂട്ടി കമീഷണർ പദംസിങ്, നർകോട്ടിക് അസി. കമീഷണർ എം.എം. അബ്ദുൽ കരീം, കൺട്രോൾ റൂം അസി. കമീഷണർ സുമേഷ്, സിറ്റി പൊലീസ് പരിധിയിലെ മറ്റു പൊലീസ് സ്‌റ്റേഷൻ പരിധികളിൽ അതാത് അസിസ്റ്റന്റ് കമീഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഹോട്ടലുകൾ, ലോഡ്ജുകള്‍, ഹോം സ്റ്റേകൾ, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക പരിശോധന നടന്നത്.
മയക്കുമരുന്ന് കൂടാതെ പുകയില ഉൽപന്നങ്ങളും പൊലീസ് കണ്ടെടുത്തു. ‘ഓപറേഷൻ തൂഫാന്റെ ഭാഗമായുള്ള സ്പെഷല്‍ ഡ്രൈവ് പുലർച്ചെ വരെ നീണ്ടു നിന്നതായി പൊലീസ് അറിയിച്ചു. ഓപറേഷൻ തൂഫാന്‍ ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഞായറാഴ്ച രാവിലെ വരെ നടന്ന പരിശോധനയില്‍ 17.143 കിലോ ഗ്രാം കഞ്ചാവും, 342.227 ഗ്രാം എം.ഡി.എം.എയും 15.15 ഗ്രാം മെത്താഫിറ്റമിനും 8.67 ഗ്രാം ബ്രൌണ്‍ ഷുഗറും 97.62 ഗ്രാം ഹാഷിഷ് ഓയിലും നാലിടങ്ങളില്‍ നിന്നായി കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. ഇതുവരെ 738 കേസുകളിലായി 759 പേരെ അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി നടത്തുന്ന പരിശോധനകൾ ഇനിയും തുടരുമെന്നും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
രാമനാട്ടുകര: നിരോധിത പുകയില ഉൽപന്നമായ 5200 ഓളം പാക്കറ്റ് ഹാൻസും സ്കൂട്ടറും സഹിതം മധ്യവയസ്കൻ പൊലീസ് പിടിയിലായി. രാമനാട്ടുകര അമ്പലക്കണ്ടി പള്ളിക്കര വീട്ടിൽ മുസ്തഫ (52)യെയാണ് ഫറോക്ക് എസ്.ഐ എൻ.കെ മിഥുനിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര ഹെൽത്ത് സെന്ററിനു സമീപം നീലിത്തോട് പാലത്തിനടുത്തുള്ള ഹുസൈൻ പുളിക്കലിന്‍റെ വീട്ടിൽ ലഹരി വസ്തുക്കൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായുള്ള അന്വേഷണത്തിനിടയിൽ പൊലീസിന് ലഭിച്ച രഹസ്യ
വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വാടകക്ക് എടുത്ത മുസ്തഫയേയും കൂട്ടി സംഭവസ്ഥലത്തെത്തുകയായിരുന്നു. വീട് തുറന്ന് പരിശോധിച്ചപ്പോൾ റൂമിൽ നിന്ന് ആറ് ചാക്കുകളിലായി സൂക്ഷിച്ച ഏകദേശം അയ്യായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. വീടിന്റെ പോർച്ചിൽ പിന്നീട് നടന്ന പരിശോധനയിൽ പ്രതിയുടെ സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് മറ്റൊരു180 പാക്കറ്റും കണ്ടെടുത്തു. ഹാൻസ് സൂക്ഷിച്ചിരുന്ന സ്കൂട്ടറും പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.രാമനാട്ടുകരയിൽ സ്റ്റേഷനറി കട നടത്തുന്ന പ്രതി ഇതിന്‍റെ മറവിലാണ് ഹാൻസ് മൊത്തമായും ചില്ലറയായും വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹാൻസ് എത്തിച്ച് കൊടുക്കുന്നത് ആർക്കൊക്കെയാണെന്നും വാങ്ങിക്കുന്നതെവിടെ നിന്നാണെന്നുമുള്ള വിവരം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐ സുജിത്ത്, റിനീഷ്, സി.പി.ഒ മാരായ സനീഷ്, രംജീഷ്, സജില എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.