കോഴിക്കോട്: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം തീരുന്നതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ആളുകൾ. എന്നാൽ ആ പ്രതീക്ഷ തെറ്റിയിരിക്കുകയാണ്. ഗ്യാസിന്റെ ക്ഷാമം കുറഞ്ഞിട്ടും ഹോട്ടൽ മെനുവിലെ വിഭവങ്ങളുടെ വിലയിൽ ഒരു മാറ്റവുമില്ല. പാചക വാതക സിലിണ്ടർ ക്ഷാമം ഹോട്ടലിലെ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാൻ വ്യാപാരികൾ അവസരമായി എടുക്കുകയായിരുന്നുവെന്നാണ് ആളുകളുടെ ആരോപണം.
പാചക വാതക സിലിണ്ടറുകൾ കിട്ടാക്കനിയായ സാഹചര്യത്തിലായിരുന്നു ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ തീരുമാനിച്ചത്. കരിഞ്ചന്തയിൽ 5000 രൂപയോളം കൊടുത്തായിരുന്നു ആ സമയം വ്യാപാരികൾ സിലിണ്ടറുകൾ വാങ്ങിയിരുന്നത്. വില വർധന പ്രാബല്യത്തിലായതോടെ 12 രൂപയുണ്ടായിരുന്ന ചായക്ക് 15 രൂപയും എണ്ണക്കടികൾക്ക് 15രൂപയിൽ നിന്ന് 20 രൂപയുമായി. പൊറോട്ട, ചപ്പാത്തി, ഊണ്, ബിരിയാണി വിഭവങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഓരോ ഹോട്ടലുകളിലും പലതരത്തിലുള്ള വിലയാണ് ഈടാക്കുന്നത്. ചായക്ക് 20 രൂപ വാങ്ങുന്ന റസ്റ്റാറന്റുകളുണ്ട്. വെജിറ്റേറിയൻ ഭക്ഷണത്തിന് പേരു കേട്ട കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സദ്യക്ക് 120 രൂപയുണ്ടായിരുന്നത് 140 ആക്കി. 60 രൂപയുണ്ടായിരുന്ന സാധാരണ ഊണിന് 80 രൂപയായും വർധിപ്പിച്ചു. നഗരത്തിലെ തന്നെ പ്രമുഖ ഹോട്ടലിലെ മാങ്ങയിട്ട മീൻ കറിക്ക് 900 രൂപയിലേറെ കൊടുക്കണം. മറ്റൊരു ഹോട്ടലിൽ അതേ കറിക്ക് 700 രൂപയാണ്. ബിരിയാണി, മന്തി വിഭവങ്ങളുടെ വിലയും പലതരത്തിലാണ്.
പാചകവാതക സിലിണ്ടർ ക്ഷാമം നേരിട്ടതോടെ ഏറ്റവും കഷ്ടത്തിലായത് തട്ടുകടക്കാരാണ്. പല തട്ടുകടകളും പൂട്ടി. സിലിണ്ടർ ക്ഷാമം കുറച്ചെങ്കിലും കുറഞ്ഞതോടെ ചില കടക്കാർ വീണ്ടും തുറന്നെങ്കിലും പഴയ കച്ചവടം ഇല്ല. ഒരു സമയത്ത് ഈ തട്ടുകടകളിൽ നല്ല തിരക്കായിരുന്നു.
ഭക്ഷണസാധനങ്ങളുടെ വില കുറക്കുന്ന രീതിയിലേക്ക് ഗ്യാസ് വില കുറഞ്ഞിട്ടില്ലെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പറയുന്ന വാദം. ഗ്യാസിന് 180 രൂപയോളമാണ് കുറച്ചിരിക്കുന്നത്. ഇപ്പോൾ 19 കിലോഗ്രാം വരുന്ന സിലിണ്ടറിന് 3060 രൂപയാണ്. മാത്രമല്ല, പണ്ടത്തെ പോലെ സുലഭമായി സിലിണ്ടറുകൾ കിട്ടുന്നുമില്ല. സിലിണ്ടറിന് 500 രൂപയെങ്കിലും കുറച്ചിരുന്നെങ്കിൽ ഭക്ഷണസാധനങ്ങളുടെ വില പഴയരീതിയിലേക്ക് മാറാൻ കഴിയുമായിരുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അതോടൊപ്പം, സാധനങ്ങളുടെ വില വർധിച്ചിട്ടുണ്ട്. പാലിന്റെയും മുട്ടയുടെയും ഇറച്ചിയുടെയും വില കൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയുടെ വില കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലെ വില തുടരുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. അതുപോലെ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. കാരണം ഓരോ ഹോട്ടലുകളും ഉപയോഗിക്കുന്ന സാധനങ്ങൾ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ചായക്ക് വിലയേറിയ ബ്രാൻഡിന്റെ ചായപ്പൊടി ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ടെന്നും അസോസിയേഷൻ ശ്രദ്ധയിൽ പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.